മൂന്നാം ദിവസവും സര്‍വേ തടസ്സപ്പെടുത്തി; കെ റെയിലിനെതിരെ കണ്ണൂരില്‍ പ്രതിഷേധം ശക്തമാകുന്നു

കെ റെയിലിനെതിരെ പ്രതിഷേധിച്ച കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം.പി.രാജേഷിനെ പോലീസ് അറസ്റ്റു ചെയ്യുന്നു.

കണ്ണൂര്‍ - സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കണ്ണൂരില്‍ പ്രതിഷേധം വീണ്ടും ശക്തമാകുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും സര്‍വ്വേ നടപടികള്‍ തടസ്സപ്പെടുത്തി. ടെമ്പിള്‍ വാര്‍ഡില്‍ പ്രതിഷേധം നടത്തിയ കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി.രാജേഷ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തു. വരും ദിനങ്ങളില്‍ പ്രതിഷേധ സമരം ശക്തമാക്കുമെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
       ചിറക്കല്‍, പന്നേന്‍പാറ എന്നിവടങ്ങളിലെ പ്രതിഷേധത്തിന് പിന്നാലെ വെള്ളിയാഴ്ച രാവിലെ തളാപ്പ് ടെമ്പിള്‍ വാര്‍ഡിലാണ് സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി.രാജേഷിന്റെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ള തദ്ദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സര്‍വ്വേ നടപടികള്‍ തടസ്സപ്പെട്ടതോടെ കൂടുതല്‍ പോലീസെത്തി പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി. പോലീസ് സംരക്ഷണത്തില്‍ സര്‍വേ നടപടികള്‍ പുനരാരംഭിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ചിറക്കലില്‍ സര്‍വ്വേക്കല്ലകള്‍ പിഴുതുമാറ്റിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത പോലീസ് ജാമ്യമില്ലാത്ത വകുപ്പു പ്രകാരം ജയിലില്‍ അടച്ചിരിക്കയാണ്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പന്നേന്‍പാറയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്.
കോണ്‍ഗ്രസ് നേതാവ് എം.പി.രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന കുറ്റത്തിനാണ് കേസെടുത്തിരുന്നത്. ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു.
            ജന വിരുദ്ധമായ പദ്ധതിക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ശക്തമാക്കുമെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. ഈ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമല്ല. പദ്ധതി കടന്നു പോകുന്ന പ്രദേശത്തെ മുഴുവന്‍ ജനങ്ങളും കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധത്തില്‍ അണിചേരുന്നുണ്ട്. പദ്ധതി പ്രദേശങ്ങളില്‍ ഒരാള്‍ പോലും ഇതിനെ അനുകൂലിക്കുന്നില്ല. പോലീസിനെ ഉപയോഗിച്ച് ജനകീയ പ്രതിഷേധത്തെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ട. ജനവികാരം കണക്കിലെടുത്ത് പദ്ധതിയില്‍ നിന്ന് പിന്നോട്ടു പോകാന്‍ തയ്യാറാവണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
 

 

Latest News