കൊല്‍ക്കത്ത- സോഷ്യല്‍ മീഡിയയില്‍ വൈറലായ കച്ചാ ബദാം പാട്ടിന്റെ സ്രഷ്ടാവ് ബദാം വില്‍പനക്കാരന്‍ ഭൂപന്‍ ഭട്യാകറെ പശ്ചിമ ബംഗാള്‍ പോലീസ് അനുമോദിച്ചു.
കടലയും ബദാമും വില്‍ക്കുന്ന ഭൂപന്‍ ആളുകളെ ആകര്‍ഷിക്കുന്നതിനാണ് പാട്ട് പാടി തുടങ്ങിയത്. ഈ പാട്ട് ഇപ്പോഴും സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചു കൊണ്ടിരിക്കയാണ്. ലോകമെമ്പാടും വൈറലായ കകച്ചാ ബദാം പാട്ടിനൊപ്പം നിരവധി താരങ്ങളാണ് ചുവടുവെച്ചത്. ലക്ഷക്കണക്കിന് റീല്‍സ് ഈ പാട്ടുമായി പുറത്തിറങ്ങി.
ഈയൊരു നിലയിലെത്തുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ലെന്ന് ഭൂപന്‍ ഭട്യാകര്‍ പറഞ്ഞു. ബോളിവുഡില്‍നിന്ന് ഇതുവരെ ആരും സമീപിച്ചിട്ടില്ലെങ്കിലും സൗരവ് ഗാംഗുലിയോടൊപ്പം ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ടെന്നും ഈ മാസം 19ന് അതു പുറത്തുവരുമെന്നും ഭൂപന്‍ പറഞ്ഞു.
പശ്ചിമബംഗാളിലെ കരാള്‍ജൂര്‍ ഗ്രാമമാണ് ഭൂപന്റെ സ്വദേശം. ഗ്രാമങ്ങളിലെ വീടുകളില്‍ ചെന്ന് ബദാം വില്‍ക്കുകയും വീടുകളിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ ശേഖരിക്കുകയുമാണ് ഇദ്ദേഹത്തിന്റെ ഉപജീവനമാര്‍ഗം.