പാലപ്പിള്ളി- ആദിവാസി ഊരില്‍നിന്നുള്ള ആദ്യത്തെ പോലീസ് ഇന്‍സ്പെക്ടറായി സൗമ്യ. പാലപ്പിള്ളി എലിക്കോട് കഴിഞ്ഞ ജനുവരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഊരുമൂപ്പന് ഉണ്ണിച്ചെക്കന്റെ മകളാണ്.
അച്ഛന് മരിക്കുമ്പോള്‍ രാമവര്‍മപുരം പോലീസ് ക്യാമ്പില്‍ പരിശീലനത്തിലായിരുന്നു സൗമ്യ. വനമേഖലയില്‍ ഫയര്‍ലൈന്‍ നിര്‍മിക്കുകയായിരുന്ന ഉണ്ണിച്ചെക്കന് ഒറ്റയാന്റെ മുന്നില്‍പ്പെടുകയായിരുന്നു.
തൃശൂര്‍ കേരളവര്‍മ കോളേജില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ സൗമ്യ തിരുവനന്തപുരത്ത് ബി.എഡും പൂര്‍ത്തിയാക്കിയിരുന്നു. പരേഡ് കാണാന്‍ ഭര്‍ത്താവ് സുബിനും വന്നിരുന്നു.
പഠനത്തിനുശേഷം സ്കൂള്‍ അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയാണ് സൗമ്യക്ക് എസ്.ഐ. സെലക്ഷന് ലഭിച്ചത്.
പഴയന്നൂര്‍ തൃക്കണായ ഗവ. യു.പി. സ്കൂളിലാണ് സൗമ്യ ജോലി ചെയ്തിരുന്നത്. അച്ഛന് ഉണ്ണിച്ചെക്കന്റെ ആഗ്രഹമായിരുന്നു മകള്‍ സര്‍ക്കാര്‍ യൂണിഫോമില്‍ നാടിനെ സേവിക്കണമെന്നത്. അതുകൊണ്ടുതന്നെ പോലീസില്‍ ജോലികിട്ടിയപ്പോള്‍ സൗമ്യയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ലായിരുന്നു. കണ്ണൂരിലാണ് സൗമ്യയ്ക്ക് നിയമനം.