മുംബൈ- കടുത്ത ബിജെപി വിമര്‍ശകയും ഗുജറാത്ത് ഫയല്‍സ് എന്ന പുസ്തകത്തിലൂടെ നരേന്ദ്ര മോഡി ഭരണകൂടത്തെ തുറന്നു കാട്ടുകയും ചെയ്ത പ്രമുഖ മാധ്യമ പ്രവര്‍ത്തക റാണ അയൂബിന്റെയു കുടുംബത്തിന്റേയും 1.77 കോടി രൂപയുടെ നിക്ഷേപം ഇ.ഡി മരവിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പിരിച്ചെടുത്ത ഫണ്ട് തിരിമറി നടത്തിയെന്നാണ് ഇഡിയുടെ ആരോപണം. ഇതു സംബന്ധിച്ച റാണ പ്രതികരിച്ചിട്ടില്ല.
ഹിന്ദു ഐടി സെല്‍ എന്ന പേരിലുള്ള സംഘടനയുടെ സ്ഥാപകനും യുപിയിലെ ഗാസിയാബാദ് ഇന്ദിരപുരം സ്വദേശിയുമായ വികാസ് സന്‍ക്രിത്യായന്‍ യുപി പോലീസിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റാണയ്‌ക്കെതിരെ കള്ളപ്പണ കേസ് രജിസ്റ്റര്‍ ചെയ്തത്. കിറ്റോ എന്ന ഓണ്‍ലൈന്‍ പണപ്പിരിവ് പ്ലാറ്റ്‌ഫോം വഴി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി റാണ 2.69 കോടി സ്വരൂപിച്ചതായും ഇതില്‍ തിരിമറി നടത്തിയതായും കണ്ടെത്തി എന്നാണ് ഇഡ രേഖകളില്‍ ആരോപിക്കുന്നത്. എന്നാല്‍ സ്വരൂപിച്ച പണം പൂര്‍ണമായും നിയമപരമായി രേഖപ്പെടുത്തപ്പെട്ടവയാണെന്നും നയാ പൈസ ദുരുപയോഗം ചെയ്തിട്ടില്ലെന്നും നേരത്തെ റാണ വ്യക്തമാക്കിയുന്നു. എന്നാല്‍ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വ്യാജ ബില്ലുകളുണ്ടാക്കി പണം പെരുപ്പിച്ച് കാണിച്ചെന്ന് ഇ.ഡി ആരോപിക്കുന്നു.
സ്വരൂപിച്ച പണത്തില്‍ നിന്ന് 50 ലക്ഷം രൂപ സ്ഥിര നിക്ഷേപമാക്കി മാറ്റിയെന്നും ഇത് റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചില്ലെന്നും ഇഡി പറയുന്നു. പിഎം കെയേഴ്‌സ് ഫണ്ടിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമായി 74.50 ലക്ഷം രൂപയും റാണ അയൂബ് നിക്ഷേപിച്ചതായും ഇഡി കണ്ടെത്തിയിരുന്നു.