Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

 മണികൂടാരത്തിലേക്ക് ആരാധക പ്രവാഹം

മണിയുടെ സ്മൃതി മണ്ഡപത്തിൽ ഐ.എം. വിജയനും ജോപോൾ അഞ്ചേരിയും പുഷ്പാർച്ചന നടത്തുന്നു.

തൃശൂർ- കലാഭവൻ മണിയുടെ രണ്ടാം ചരമവാർഷിക ദിനമായ ഇന്നലെ ആരാധകർ ചാലക്കുടി ചേന്നത്തുനാട്ടിലെ മണികൂടാരത്തിലെത്തി മണിക്ക് കണ്ണീരിൽ കുതിർന്ന പൂക്കൾ സമർപ്പിച്ചു. രാവിലെ മുതൽ സംസ്ഥാനത്തിനകത്തു നിന്നും തമിഴ്‌നാട്ടിൽ നിന്നും  മണിയുടെ സ്മൃതികുടീരം സ്ഥിതി ചെയ്യുന്ന ചേനത്തുനാട്ടിലെ മണികൂടാരത്തിലേക്ക് ആരാധകരുടെ പ്രവാഹമായിരുന്നു. സ്മൃതികുടീരത്തിലും കലാഗൃഹത്തിലുള്ള മണിയുടെ പൂർണകായ പ്രതിമയിലും പുഷ്പാർച്ചന അർപ്പിച്ചാണ് ആരാധകർ മടങ്ങിയത്. 
ഇന്നലെ രാവിലെ മണിയുടെ സ്മൃതികുടീരത്തിൽ നഗരസഭ ചെയർപേഴ്‌സൺ ജയന്തി പ്രവീൺ പുഷ്പാർച്ചന നടത്തി. മണിയുടെ ഭാര്യ നിമ്മിയും മകൾ ശ്രീലക്ഷ്മിയും പുഷ്പാർച്ചന നടത്തി. വൈസ് ചെയർമാൻ വിൻസെൻറ് പാണാട്ടുപറമ്പിൽ, മുൻ ചെയർമാൻ ഉഷ പരമേശ്വരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം. ശ്രീധരൻ, യു.വി. മാർട്ടിൻ, കൗൺസിലർമാരായ മേരി നളൻ, ഗീത ടീച്ചർ, ബീന ഡേവീസ്, കെ.എം. ഹരിനാരായണൻ, ബിന്ദു ശശികുമാർ, മുൻ ചെയർമാൻ എം.എൻ. ശശീധരൻ,  ഫുട്‌ബോൾ കോച്ച് ടി.കെ. ചാത്തുണ്ണി, മുൻ ഇന്ത്യൻ ഫുട്‌ബോൾ താരങ്ങളായ ഐ.എം. വിജയൻ, ജോ പോൾ അഞ്ചേരി തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള നൂറുകണക്കിന് ആളുകൾ പുഷ്പാർച്ചന നടത്താൻ എത്തിയിരുന്നു. നേരത്തെ മണിയുടെ സുഹൃത്തുക്കൾ കാസ്‌കേഡ് ക്ലബിന്റെ നേതൃത്വത്തിൽ മണിയുടെ വസതിയിലെത്തി. 
മണിയുടെ സ്മരണയിൽ പാവപ്പെട്ട ഒരു കുടുംബത്തിനു വീട് നിർമിച്ചു നൽകുന്നതിന്റെ ഭാഗമായി പോട്ടച്ചിറ വഴിയിൽ നിർമിക്കുന്ന വീടിന്റെ കല്ലിടൽ ചടങ്ങ് ഐ.എം. വിജയനും, ജോ പോൾ അഞ്ചേരിയും ചേർന്ന് നിർവഹിച്ചു. പ്രസിഡൻറ് വി.എസ്. വിനു, വൈസ് പ്രസിഡൻറ് എം.ജെ. സാബു, സെക്രട്ടറി കെ.എം. ബെന്നി, ജോയിൻറ് സെക്രട്ടറി എം. ജയൻ, വി.പി. സാജൻ എന്നിവർ സംസാരിച്ചു. കലാഭവൻ മണി വിട പറഞ്ഞിട്ട് രണ്ടു വർഷം പിന്നിടുമ്പോഴും മണിയുെട മരണം സംബന്ധിച്ച് സിബിഐ അന്വേഷണം എങ്ങുമെത്താത്തതിൽ പരക്കെ പ്രതിഷേധമുണ്ട്. അനുസ്മരണ ചടങ്ങിനെത്തിയവരും മണികൂടാരത്തിലെത്തിയവരും ഇതേക്കുറിച്ച് പ്രതിഷേധമറിയിച്ചാണ് മടങ്ങിയത്.
സി.ബി.ഐ അന്വേഷണം ഇപ്പോഴും നടന്നുവരികയാണ്. നേരത്തെ പോലീസ് ചോദ്യം ചെയ്തവരെയും കുടുംബാംഗങ്ങളെയും കണ്ട് സി.ബി.ഐ മൊഴിയെടുത്തിരുന്നു. കേസന്വേഷണം സംബന്ധിച്ച് സി.ബി.ഐ ഇതുവരെയും യാതൊരു സൂചനകളും പുറത്തു വിട്ടിട്ടില്ല. 
2016 മാർച്ച് ആറിനാണ് കലാഭവൻ മണി മരിച്ചത്. മണിയുടെ വിശ്രമ സ്ഥലമായ വീടിനടുത്തുള്ള പാടിയിൽ രക്തം ഛർദ്ദിച്ച് അവശനിലയിലായ മണിയെ സുഹൃത്തുക്കൾ ചേർന്ന് എറണാകുളത്തെ സ്വകാര്യ  ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ചായിരുന്നു മണിയുടെ അന്ത്യം.

Latest News