ന്യൂദല്‍ഹി- സോണിയാ ഗാന്ധിയുടേത് ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന വീടുകള്‍ക്ക് വര്‍ഷങ്ങളായി സര്‍ക്കാരിന് വാടക നല്‍കിയിട്ടില്ലെന്ന് വിവരാവകാശ രേഖ. ആര്‍ടിഐ ആക്ടിവിസ്റ്റ് സുജിത് പട്ടേലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര ഭവന, നഗരവികസന മന്ത്രാലയത്തില്‍ നിന്ന് തേടിയത്. മന്ത്രാലയം നല്‍കിയ മറുപടി പ്രകാരം ദല്‍ഹിയിലെ അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് അവസാനമായി വാടക അടച്ചത് 2012ലാണ്. 12.69 ലക്ഷം രൂപ വാടക ഇനത്തില്‍ നല്‍കാനുണ്ട്.
10 ജന്‍പഥ് റോഡിലെ സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയുടെ വാടക ഇനത്തില്‍ 4,610 രൂപ അടക്കാനുണ്ട്. 2020 സെപ്തംബറിനു ശേഷം വാടക നല്‍കിയിട്ടില്ല. സോണിയായുടെ പേഴ്‌സനല്‍ സെക്രട്ടറി വിന്‍സന്റ് ജോര്‍ജിന്റെ ചാണക്യപുരിയിടെ ബംഗ്ലാവിന് അവസാനമായി വാടക നല്‍കിയത് 2013ലാണ്. അഞ്ച് ലക്ഷത്തിലേറെ രൂപ അടക്കാനുണ്ട്.
ഭവന നിര്‍മാണ ചട്ടങ്ങള്‍ പ്രകാരം ദേശീയ, സംസ്ഥാന പാര്‍ട്ടികള്‍ക്ക് ഓഫീസ് പണിയാന്‍ മൂന്ന് വര്‍ഷമാണ് സമയം അനുവദിച്ചിട്ടിള്ളുത്. ഇതിനുള്ളില്‍ സ്വന്തം ഓഫീസ് നിര്‍മിച്ച് സര്‍ക്കാര്‍ ബംഗ്ലാവുകള്‍ ഒഴിയണമെന്നാണ് ചട്ടം. കോണ്‍ഗ്രസ് ആസ്ഥാനം പണിയാന്‍ 2010 ജൂണില്‍ ഭൂമി അനുവദിച്ചിരുന്നു. ഇതു പ്രകാരം 2013ല്‍ അക്ബര്‍ റോഡിലെ ഓഫീസും ബംഗ്ലാവുകളും ഒഴിയേണ്ടതായിരുന്നു. എന്നാല്‍ പലതവണയായി പാര്‍ട്ടി സമയം നീട്ടി വാങ്ങി. ലോധി റോഡിലെ വസതി ഒരു മാസത്തിനകം ഒഴിയാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് 2020 ജൂലൈയില്‍ സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു.
അഴിമതിയൊന്നും നടത്താന്‍ വഴിയില്ലാത്തതിനാല്‍ സോണിയാ ഗാന്ധിക്ക് വീട്ടുവാടക പോലും നല്‍കാന്‍ കഴിയുന്നില്ലെന്ന് ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗ പരിഹസിച്ചു.