ന്യൂദല്‍ഹി-ഹൈക്കോടതി ജഡ്ജിക്കെതിരെ ലൈംഗിക പീഡനം ആരോപിച്ച് രാജിവെച്ചിരുന്ന വനിതാ ജുഡീഷ്യല്‍ ഉദ്യോഗസ്ഥക്ക് പുനര്‍നിയമനം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവായി. 2014 ല്‍ താന്‍ ജോലി രാജിവെക്കാന്‍ നിര്‍ബന്ധിത ആയതാണെന്ന് ചൂണ്ടിക്കാട്ടി വനിതാ ജഡ്ജി ഹരജി നല്‍കിയിരുന്നു.
രാജി അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു, ജസ്റ്റിസ് ബി.ആര്‍.ഗവായി എന്നിവരടങ്ങുന്ന ബെഞ്ച് മധ്യപ്രദേശ് ജുഡീഷ്യറിയില്‍ ഇവരെ അഡീഷണല്‍ ജില്ലാ ജഡ്ജിയായി നിയമിക്കാന്‍ ഉത്തരവിട്ടത്. ഇതുവരെയുള്ള വേതനത്തിന് അര്‍ഹതയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മറ്റു നിര്‍വാഹമില്ലാത്തതിനാലാണ് പരാതിക്കാരി രാജിവെച്ചതെന്ന ജഡ്ജസ് അന്വേഷണ സമതി 2017 ഡിസംബര്‍ 15 നു നല്‍കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഹൈക്കോടതി അവഗണിച്ചുവെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
2014 ജൂലൈയിലാണ് ഹൈക്കോടതി ജഡ്ജിക്കെതിരെ പീഡന ആരോപണം ഉന്നിച്ച് രാഷ്ട്രപതി, ചീഫ് ജസ്റ്റിസ്, നിയമമന്ത്രി എന്നിവര്‍ക്ക് കത്തെഴുതിയ ശേഷം ഗ്വാളിയോറിലെ അഡീഷണല്‍ ജില്ലാ ജഡ്ജി ആയിരുന്ന പരാതിക്കാരി രാജിവെച്ചിരുന്നത്.
മസാല ഗാനത്തിന് നൃത്തം ചെയ്യാന്‍ ഹൈക്കോടതി ജഡ്ജി ആവശ്യപ്പെട്ടുവെന്നും തന്നെ വിദൂര പ്രദേശത്തേക്ക് സ്ഥലം മാറ്റാന്‍ സ്വാധീനം ചെലുത്തിയെന്നും അവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ രാജ്യ സഭ നിയോഗിച്ച സമിതി ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹൈക്കോടതി ജഡ്ജിയെ കുറ്റവിമുക്തനാക്കി. ജഡ്ജി തന്റെ അധികാരം ദുരുപയോഗം ചെയ്തതിന് തെളിവില്ലെന്നാണ് സമിതി കണ്ടെത്തിയിരുന്നത്.