മുംബൈ-ഡിഎന്‍എ പരിശോധനാഫലം മുദ്രവെച്ച കവറില്‍ പോലീസ് ബോംബെ ഹൈക്കോടതിക്ക് ഇന്ന് കൈമാറും. ഡിഎന്‍എ പരിശോധനാഫലം സംബന്ധിച്ച കേസ് ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരിശോധനാഫലം സമര്‍പ്പിക്കാന്‍ അഭിഭാഷകര്‍ കഴിഞ്ഞമാസം നാലാംതിയ്യതി കേസ് പരിഗണിച്ചപ്പോള്‍ സമയം ചോദിച്ചിരുന്നു. കോടതി രണ്ടാഴ്ച സമയം അനുവദിക്കുകയും ചെയ്തു. ഇന്ന് തുടര്‍വാദം കേള്‍ക്കും കോടതി.
2019 ജൂണ്‍ മാസത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയ് കോടിയേരി തന്നെ വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയുമായി ഒരു വനിത രംഗത്തെത്തിയത്. ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന ബിഹാര്‍ സ്വദേശിയുടേതായിരുന്നു പരാതി. തനിക്ക് ബിനോയിയില്‍ 8 വയസ്സുള്ള കുഞ്ഞുണ്ടെന്നും അവര്‍ ആരോപിച്ചു. മുംബൈ അന്ധേരി ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച പരാതില്‍ അന്വേഷണം ആരംഭിച്ചു. 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നായാരുന്നു പരാതി. ബിനോയ് വിവാഹിതനാണെന്ന കാര്യം ഒരു വര്‍ഷം മുമ്പ് മാത്രമാണ് താന്‍ അറിഞ്ഞതെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തപ്പെട്ടത്.
യുവതി തന്നെ ബ്ലാക്‌മെയില്‍ ചെയ്യുകയാണെന്നായിരുന്നു ബിനോയിയുടെ നിലപാട്. അങ്ങനെ രക്ഷപ്പെടാന്‍ കഴിയില്ലെന്നും ഫഌറ്റിലും ഹോട്ടലിലുമെല്ലാം ഒരുമിച്ച് വര്‍ഷങ്ങളോളം ജീവിച്ചതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് മുംബൈ പോലീസ് അറിയിച്ചു. യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് കോടിയേരിയുടെ പേരാണുള്ളതെന്നും പോലീസ് കണ്ടെത്തി. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലും ബിനോയിയുടെ പേര് തന്നെയാണ് ഉണ്ടായിരുന്നത്.
ബിനോയിക്കെതിരെ യുവതി ആദ്യം പരാതി നല്‍കിയത് സിപിഎം കേന്ദ്ര നേതൃത്വത്തിനായിരുന്നു. എന്നാല്‍, കേന്ദ്ര നേതൃത്വത്തിന് ഇതിലൊരു നടപടിയെടുക്കേണ്ടതുണ്ടെന്ന് തോന്നിയില്ല. ഗതികെട്ട യുവതി പൊലീസിനെ സമീപിച്ചു.
സംഭവം താന്‍ അറിഞ്ഞിരുന്നില്ലെന്ന നാട്യത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ തുടക്കത്തില്‍ കഴിഞ്ഞതെങ്കിലും പിന്നീട് പുതിയ തെളിവുകള്‍ പുറത്തുവന്നു. കേസില്‍ തുടക്കത്തില്‍ മധ്യസ്ഥനായി നിന്ന അഭിഭാഷകന്‍ തന്നെ ഇത് വസ്തുതാവിരുദ്ധമാണെന്ന് വെളിപ്പെടുത്തി. ഒടുവില്‍ ജനുവരിയില്‍ തന്നെ താന്‍ കാര്യം അറിഞ്ഞിരുന്നെന്നായി കോടിയേരി. തന്റെ ഭാര്യ വിനോദിനി മധ്യസ്ഥനുമായി സംസാരിച്ചിരുന്നെന്നും കോടിയേരി പറഞ്ഞു.
ഇതിനിടയില്‍ ജൂണ്‍ 26ന് ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബിനോയിക്കെതിരെ ബലാല്‍സംഗക്കുറ്റം നിലനില്‍ക്കുമെന്ന് നിലപാടെടുത്തു. യുവതിയാകട്ടെ കൂടുതല്‍ തെളിവുകള്‍ ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം ഇപ്പോള്‍ പരിഗണിക്കരുതെന്നും യുവതിക്ക് വേറെ ബന്ധമുണ്ടെന്നും ആയിരുന്നു ബിനോയിയുടെ വാദം. ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കൂടെ ഡിഎന്‍എ പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കണമെന്നും ഉത്തരവിട്ടു.
ഇതോടെ ബിനോയ് പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഓഡിയോയും പുറത്തെത്തി. എല്ലാ ബന്ധവും അവസാനിപ്പിച്ച് പേര് മാറ്റുക കൂടി ചെയ്താല്‍ എന്താണ് വേണ്ടതെന്നു വെച്ചാല്‍ ചെയ്യാമെന്ന് ബിനോയ് പറയുന്നത് ശബ്ദരേഖയിലുണ്ട്. ഡിസംബര്‍ മാസത്തില്‍ മുംബൈ പോലീസ് ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.
മക്കള്‍ രണ്ടുപേരും കൂടി സൃഷ്ടിച്ചെടുത്ത കേസുകളുടെയും കോലാഹലങ്ങളുടെയും പശ്ചാത്തലത്തില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് തല്‍ക്കാലം മാറിനിന്ന കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും പദവി ഏറ്റെടുത്തതിനു പിന്നാലെയാണ് ഡിഎന്‍എ ഫലം പുറത്തുവരാനൊരുങ്ങുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം നടക്കാന്‍ പോകുന്നതിന്റെ സാഹചര്യവും നിലവിലുണ്ട്. പാര്‍ട്ടി ഈ പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കിയ സാഹചര്യത്തില്‍ പാര്‍ട്ടി സമ്മേളനത്തില്‍ ഇതൊരു ചര്‍ച്ചാവിഷയമാകാന്‍ പോകുന്നില്ല. പക്ഷെ, കോടിയേരിയെ സമ്മേളന കാലയളവില്‍ ചില ധാര്‍മികപ്രയാസങ്ങളില്‍ നിര്‍ത്താന്‍ ഈ കേസിന് സാധിക്കുമെന്നത് ഉറപ്പാണ്. മാധ്യമവിമര്‍ശനങ്ങള്‍ അതിരൂക്ഷമായി ഉണ്ടാകുകയും ചെയ്യും.