ബെംഗളുരു- കോളെജില്‍ ഹിജാബ് ധരിച്ച് വരുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ കര്‍ണാടക ഹൈക്കോടതി മൂന്നംഗ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ഈ കേസ് വിശാല ബെഞ്ചിന് പരിഗണിക്കാന്‍ വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്നാണ് വനിതാ ജഡ്ജ് കൂടി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി, ജസ്റ്റിസ് കൃഷ്ണ എസ് ദിക്ഷിത്, ജസ്റ്റിസ് ഖാസി ജയ്ബുന്നിസ മൊഹ്യുദ്ദീന്‍ എന്നിവരടങ്ങിയതാണ് ഈ ബെഞ്ച്.
ഉഡുപ്പിയിലെ കോളെജുകളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് 18 പെണ്‍കുട്ടികള്‍ക്കു വേണ്ടി അഞ്ച് ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസ് കൃഷ്ണ എസ് ദിക്ഷിതിന്റെ സിംഗിള്‍ ബെഞ്ച് ഈ ഹര്‍ജികളില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കല്‍ ആരംഭിച്ചിരുന്നു. വാദത്തിനിടെ ഉയര്‍ന്നു വന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കാണേണ്ടത് മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന ഉറപ്പുകളുടെ വെളിച്ചത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് വിശാല ബെഞ്ചിനു വിട്ടത്.