ചെന്നൈ- ബിജെപിക്കെതിരായ വിമര്‍ശനങ്ങളെ രാജ്യത്തിനെതിരായ വിമര്‍ശനങ്ങളായി ചിത്രീകരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് തമിനാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാടിനെ അവഗണിക്കുന്ന കാര്യം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പ്രസംഗത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുള്ള മറുപടിയായി തമിഴ്ജനത ദേശീയവാദികളാണെന്ന് പ്രധാനമന്ത്രി മോഡിയും പ്രസംഗിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തമിഴര്‍ക്ക് മോഡിയുടെ രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് സ്റ്റാലിന്‍ പ്രതികരിച്ചത്. സ്വാതന്ത്ര്യ സമര പോരാളികളായ വീരമങ്കൈ വേലുനചിയാര്‍, മരുതു സഹോദരങ്ങള്‍, ധീരന്‍ ചിന്നാമലൈ, വീരപാണ്ഡ്യ കട്ടബൊമ്മന്‍, വി ഒ ചിദംബരം, ദേശീയ കവി ഭാരതിയാര്‍ എന്നിവരെ ചിത്രീകരിക്കുന്ന തമിഴ്‌നാടിന്റെ നിശ്ചലദൃശ്യം റിപബ്ലിക് പരേഡില്‍ നിന്ന് ഒഴിവാക്കാന്‍ ആരാണ് തീരുമാനിച്ചതെന്നും സ്റ്റാലിന്‍ ചോദിച്ചു. രാജ്യത്തിനു വേണ്ടി ബലി നല്‍കിയ രക്തസാക്ഷികളേയും നേതാക്കളേയും ആദരിക്കുന്നതില്‍ തമിഴ്‌നാട് ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ല. തമിഴരുടെ രാജ്യസ്‌നേഹത്തിന് മോഡി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുമില്ല- സ്റ്റാലിന്‍ പറഞ്ഞു.
ഫെബ്രുവരി 19ന് നടക്കാനിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൂത്തുകുടിയില്‍ ഒരു റാലിയെ വെര്‍ച്വലായി അഭിസംബോധന ചെയ്യവെയാണ് സ്റ്റാലിന്‍ മോഡിക്കെതിരെ ആഞ്ഞടിച്ചത്.