ന്യൂദല്‍ഹി- വിദേശ നിര്‍മിത ഡ്രോണുകള്‍ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഗവേഷണ, പ്രതിരോധ, സുരക്ഷാ കാര്യങ്ങള്‍ക്കു വേണ്ടിയല്ലാതെ ഇനി ഡ്രോണ്‍ ഇറക്കുമതി അനുവദിക്കില്ല. ഈ ആവശ്യങ്ങള്‍ക്കുള്ള ഡ്രോണ്‍ ഇറക്കുമതി ചെയ്യുന്നതിന് മതിയായ ക്ലിയറന്‍സുകള്‍ ആവശ്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ആഭ്യന്തരമായി ഇന്ത്യയില്‍ ഡ്രോണുകളുടെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ തീരുമാനം. ഡയറ്ക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ആണ് ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. അതേസമയം ഡ്രോണ്‍ ഘടകങ്ങള്‍ ഇറക്കു മതി ചെയ്യുന്നതിന് അനുമതി ആവശ്യമില്ലെന്ന് വ്യോമായന മന്ത്രാലയം അറിയിച്ചു.