കൊച്ചി- മീഡിയ വണിന്റെ സംപ്രഷണം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് ശരിവെച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ സമർപ്പിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലാണ് മീഡിയാ വൺ അപ്പീൽ സമർപ്പിച്ചത്.
മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ, കേരള പത്രപ്രവർത്തക യൂനിയൻ എന്നിവർ സംയുക്തമായാണ് അപ്പീൽ നൽകിയിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ബഞ്ച് നാളെ അപ്പീൽ പരിഗണിക്കും. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ മീഡിയ വണ്ണിനുവേണ്ടി ഹാജരാവും.
ചാനലിനു ഭാഗം പറയാനുള്ള അവസരം നിഷേധിച്ചാണ് സംപ്രേഷണം തടഞ്ഞതെന്നു അപ്പീലിൽ പറയുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ ഇന്റലിജൻസ് റിപ്പോർട്ടിലുണ്ടെന്നു വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് മീഡിയാ വൺ നൽകിയ ഹരജി തള്ളിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള യാതൊരു പ്രവർത്തനങ്ങളും തങ്ങളുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും കേന്ദ്രം പറയുന്ന കാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അപ്പീലിൽ പറയുന്നു. ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തിൽ ചാനലിന്റെ പക്ഷം കേൾക്കാതെ ലൈസൻസ് റദ്ദാക്കിയത് ഭരണഘടനാവിരുദ്ധമാണെന്നും മീഡിയ വൺ ചൂണ്ടിക്കാണിച്ചു.
ഒരു വാർത്താ ചാനലാകുമ്പോൾ ഭരണകൂടത്തെ തൃപ്തിപ്പെടുത്തി എന്നും വാർത്തകൾ നൽകാനാകില്ലെന്നും മീഡിയാ വൺ വ്യക്തമാക്കി. ലൈസൻസ് പുതുക്കുമ്പോൾ ഓരോ തവണയും പുതിയ സുരക്ഷാ അനുമതി ആവശ്യമില്ലെന്ന വാദം സിംഗിൾ ബഞ്ച് പരിഗണിച്ചില്ലെന്നും അപ്പീലിൽ വ്യക്തമാക്കുന്നു.
ജനുവരി 31 നായിരുന്നു മീഡിയ വൺ ചാനലിന്റെ ബ്രോഡ്കാസ്റ്റിംഗ് വിലക്കിക്കൊണ്ടുള്ള കേന്ദ്ര ഉത്തരവ് വന്നത്. പിന്നാലെയാണ് ചാനൽ അധികൃതർ ഹൈക്കോടതിയെ സമീപിച്ചത്. വിലക്ക് താൽക്കാലികമായി നീക്കിയ കോടതി സംപ്രേഷണം തുടരാൻ അനുമതി നൽകിയിരുന്നു.
ഫെബ്രുവരി എട്ടിനാണ് സംപ്രേഷണ ലൈസൻസ് റദ്ദാക്കിയ വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളുള്ളതിനാലാണ് ചാനലിനു സുരക്ഷാ അനുമതി നൽകാത്തതെന്ന കേന്ദ്ര സർക്കാർ നിലപാട് അംഗീകരിച്ചാണ് സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചത്.