ലഖ്‌നൗ- ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും അവിടത്തെ കാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്നും പാക്കിസ്ഥാനോട് ആള്‍ ഇന്ത്യ മജ് ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസി.
ഇന്ത്യയില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് നിഷേധിക്കുന്നതിനെതിരെ പാക്കിസ്ഥാന്‍ പ്രതികരിച്ചതിനെ തുടര്‍ന്നാണ് ഉവൈസിയുടെ വിമര്‍ശം.
ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഉവൈസി.
പാക്കിസ്ഥാനില്‍ വെച്ച് ആക്രമിക്കപ്പെട്ട മലാലക്ക് രാജ്യം വിടേണ്ടിവന്നു. ഒരു അമുസ്ലിമിന് പ്രധാനമന്ത്രിയാകാന്‍ പാക്കിസ്ഥാന്‍ ഭരണഘടന അനുമതി നല്‍കുന്നില്ല. നിങ്ങള്‍ ഇവിടേക്ക് നോക്കരുത്. അവിടെ തന്നെ ഇഷ്ടം പോലെ പ്രശ്‌നങ്ങളുണ്ട്. ബലൂച്ചിലേക്ക് നോക്കൂ. നിങ്ങള്‍ക്ക് രാജ്യത്ത് നിരവധി പ്രശ്‌നങ്ങളുണ്ട്. ഇന്ത്യ ഞങ്ങളുടെ രാജ്യമാണ്. ഇത് ഞങ്ങളുടെ ആഭ്യന്തര വിഷയമാണ്. ഞങ്ങളുടെ പ്രശ്‌നങ്ങളില്‍ മൂക്കിടാന്‍ ശ്രമിക്കരുത്. മുറിവേല്‍ക്കും- ഉവൈസി പറഞ്ഞു.
ഹിജാബ് വിഷയത്തില്‍ മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്ന് പാക്കിസ്ഥാന്‍ വിദേശ മന്ത്രി ഷാ മഹ്്മൂദ് ഖുറേഷി പറഞ്ഞിരുന്നു.