ന്യൂദല്‍ഹി- മീഡിയവണ്‍ ചാനലിന് വിലക്കേര്‍പ്പെടുത്തിയ വിഷയത്തില്‍ ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി സമിതി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വിശദീകരണം തേടി. ഐ.ടി, വാര്‍ത്താ പ്രക്ഷേപണ -ടെലികോം സമിതി യോഗത്തിലേക്കാണ് ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്. ആഭ്യന്തര വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി വി.എസ്.കെ. കൗമുദി, വാര്‍ത്താപ്രക്ഷേപണ മന്ത്രാലയത്തിലെ സെക്രട്ടറി അപൂര്‍വ ചന്ദ്ര എന്നിവരാണ് സമിതി മുമ്പാകെ ഹാജരായത്.
അതിനിടെ, മീഡിയവണ്‍ സംപ്രേഷണ ലൈസന്‍സ് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവെച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. അപ്പീലില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും. മീഡിയവണ്‍ മാനേജ്മെന്റ്, ജീവനക്കാര്‍, പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവരാണ് ഹരജിക്കാര്‍.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് സിംഗിള്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും രഹസ്യാന്വേഷണ വിവരങ്ങള്‍ ഉദ്യോഗസ്ഥ സമിതി വിലയിരുത്തിയിരുന്നുവെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി വിധിയില്‍ പറഞ്ഞിരുന്നു.