Sorry, you need to enable JavaScript to visit this website.

മംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ പെണ്‍വാണിഭം: മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്- മംഗളൂരു അത്താവറിലെ നന്ദിഗുഡ്ഡക്ക് സമീപമുള്ള  അപ്പാര്‍ട്ട്‌മെന്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയും വ്യാജരേഖ ചമച്ചും ബ്ലാക്ക് മെയില്‍ ചെയ്തും  പെണ്‍വാണിഭത്തിന് നിര്‍ബന്ധിച്ച കേസില്‍ മഞ്ചേശ്വരം, കണ്ണൂര്‍ സ്വദേശികളടക്കം ഏഴുപേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 10 ആയി ഉയര്‍ന്നു. വാര്‍ത്താസമ്മേളനത്തില്‍ പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ ആണ് പ്രതികളുടെ അറസ്റ്റ് വിവരം പ്രഖ്യാപിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി  നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരുന്ന പോലീസ് മൂന്നുപ്രതികളെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികളായ ഹൊസബെട്ടു സ്വദേശി സന്ദീപ് (33), കൈക്കമ്പ സ്വദേശി സിപ്രിയന്‍ ആന്‍ഡ്രേഡ് (40) ,മഞ്ചേശ്വരം ഉദ്യാവറിലെ മുഹമ്മദ് ഷെരീഫ് (46) , തലപ്പാടി സ്വദേശി റഹ്‌മത്ത് (48), കണ്ണൂര്‍ സ്വദേശി സന (24) , നരിങ്ങാന സ്വദേശി ഉമര്‍ കുഞ്ഞി (43), ബെണ്ടൂര്‍വെല്ലിലെ മുഹമ്മദ് ഹനീഫ് (46)  എന്നിവരെയാണ് ഇന്നലെ പോലീസ്  അറസ്റ്റ് ചെയ്തത്. ഇതുവരെ അറസ്റ്റിലായ 10 പേരില്‍ 7 പ്രതികള്‍ ഒരു സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരും മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികളുമാണ്.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വലയിലാക്കിയ സംഘം സമ്മാനങ്ങളും പണവും നല്‍കിയിരുന്നു. പെണ്‍കുട്ടി പിന്നീട് നിരന്തരം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്. മൂന്ന് മാസത്തിനിടെ ആറ് തവണയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. പോക്‌സോ പ്രകാരം നാല് കേസുകള്‍ ഉള്‍പ്പെടെ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ നേരത്തെ അറസ്റ്റിലായ സ്ത്രീകള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ബന്ധപ്പെടുകയും അവരെ ഇടപാടുകാര്‍ക്ക് മുന്നിലെത്തിക്കുകയും ചെയ്തിരുന്നു. അപ്പാര്‍ട്ടുമെന്റിലെ റെയ്ഡിനിടെ രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തിയിരുന്നു. രണ്ടര മാസമായി അപ്പാര്‍ട്ടുമെന്റില്‍ പെണ്‍വാണിഭം നടന്നിരുന്നു. പ്രതികള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലങ്ങള്‍ വേറെയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. ബാങ്കും ഗൂഗിള്‍ പേയും വഴിയുള്ള ഇടപാടുകളുടെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ഡി.സി.പി ഹരിറാം ശങ്കര്‍, ഡി.സി.പി ക്രൈം ആന്‍ഡ് ട്രാഫിക് ഡി.സി.പി ദിനേഷ് കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ മഹേഷ് പ്രസാദ് എന്നിവരും പങ്കെടുത്തു.

 

 

 

 

Latest News