റിയാദ്- സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ആരംഭിച്ചതായും കാല് ലക്ഷം പേരെ അംഗങ്ങളാക്കാനാണ് പദ്ധതിയെന്നും റിയാദ് കെ.എം.സി.സി തെരഞ്ഞെടുപ്പ് സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കി മെയ് 15 മുതല്‍ ജൂലൈ 30 വരെയുള്ള കാലയളവില്‍ മണ്ഡലം, ജില്ലാ കമ്മിറ്റികളുടെ രൂപീകരണം നടക്കും. തുടര്‍ന്ന് സെന്‍ട്രല്‍ കമ്മിറ്റി നിലവില്‍ വരും. മൂന്ന് വര്‍ഷമായിരിക്കും അംഗത്വ കാലാവധി.
റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റിയുടെയും ജില്ലാ മണ്ഡലം, ഏരിയ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നിരവധി ജീവകാരുണ്യ പ്രവത്തനങ്ങളാണ് നടന്ന് വരുന്നത്. അതിന് പൊതുസമൂഹത്തില്‍ നിന്ന് വളരെ ആവേശകരമായ പിന്തുണയാണ് ലഭിക്കുന്നത് . നിസ്വാര്‍ത്ഥരായ ഒരു കൂട്ടം പ്രവര്‍ത്തകര്‍ എല്ലായ്പ്പോഴും കര്‍മ്മ നിരതരാണെന്നതാണ് ഈയൊരു മുന്നേറ്റത്തിന് നിദാനമെന്ന് ഭാരവാഹികള്‍ പറഞ്ഞു. 2020 മുതല്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്ന സുരക്ഷാ പദ്ധതിക്ക് കീഴില്‍ 10 ലക്ഷം രൂപയാണ് അംഗമായിരിക്കെ മരണപ്പെടുന്ന പ്രവാസിയുടെ കുടുംബത്തിന് നല്‍കുന്നത്. പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജാതി, മത ഭേദമന്യേ ഇതിന്റെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് റിയാദ് കെ എം സി സി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആയിരങ്ങള്‍ക്കാണ് ആശ്വാസമേകിയത്. കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുകയും അവര്‍ക്ക് ആശ്വാസമാകുന്ന രീതിയില്‍ മാനസിക പിന്തുണയും ചികിത്സ സൗകര്യങ്ങളും ലഭ്യമാക്കുകയും ഭക്ഷ്യമരുന്ന് വിതരണം, ചാര്‍ട്ടേഡ് വിമാന സേവനം, കോവിഡ് ബാധിച്ചും അല്ലാതെയും മരിച്ചവരുടെ മൃതദേഹങ്ങള്‍ ഖബറടക്കം ചെയ്യുക തുടങ്ങി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് കമ്മിറ്റിക്ക് സാധിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സമിതി അംഗങ്ങളായ സി.പി മുസ്തഫ, കബീര്‍ വൈലത്തൂര്‍, യു.പി മുസ്തഫ, ഷുഹൈബ് പനങ്ങാങ്ങര എന്നിവര്‍ സംബന്ധിച്ചു.