കണ്ണൂര്‍ - കെ റെയില്‍ സര്‍വ്വേക്കല്ല് പിഴുതു മാറ്റിയ കോണ്‍ഗ്രസ് നേതാക്കളെ റിമാന്‍ഡ് ചെയ്തു. കാപ്പാടന്‍ ശശിധരന്‍, രാജേഷ് പാലങ്ങാടന്‍ എന്നിവരെയാണ് ജയിലിലടച്ചത്.
ചിറക്കല്‍ പഴയ റെയില്‍വേ ഗേയ്റ്റിന് സമീപം കഴിഞ്ഞ ദിവസം കുറ്റിയിടല്‍ തടഞ്ഞ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ല കണ്‍വീനര്‍ അഡ്വ. പി.സി. വിവേക്, അഡ്വ അപര്‍ണ്ണ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇതേ സ്ഥലത്ത് പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു . പ്രതിഷേധ യോഗത്തിനുശേഷമാണ് കല്ലുകള്‍ പിഴുതുമാറ്റിയത്. വിവരമറിഞ്ഞെത്തിയ വളപട്ടണം പോലീസും സമരക്കാരും തമ്മില്‍ പിടിവലി നടന്നിരുന്നു. ഇതിന് പിന്നാലെയാണ് കാപ്പാടന്‍ ശശിധരനെയും രാജേഷ് പാലങ്ങാടനെയും അറസ്റ്റ് ചെയ്തത്.
ഡി.സി.സി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ് അടക്കമുള്ള നേതാക്കള്‍ വള പട്ടണം പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും അറസ്റ്റിലായവരെ വിട്ടയക്കാന്‍ തയ്യാറായില്ല. ബുധനാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഇവരെ ഹാജരാക്കുകയായിരുന്നു. പൊതുമുതല്‍ നശീകരണം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എന്നതിനാല്‍ രണ്ടുപേരെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയായിരുന്നു.