മുംബൈ- സൂപ്പര്‍മാര്‍ക്കറ്റുകളിലും വാക്ക് ഇന്‍ സ്റ്റോറുകളിലും മദ്യവില്‍പന അനുവദിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ഗാന്ധിയനും സാമൂഹിക പ്രവര്‍ത്തകനുമായ അന്നാ ഹസാരെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. ഈ മാസം 14 ന് സമരം ആരംഭിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ജനങ്ങളുടേയും തൊഴിലാളികളുടേയും താല്‍പര്യം കണക്കിലെടുത്ത് തീരുമാനം പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ 14 മുതല്‍ അനിശ്ചിത കാല നിരാഹാരം ആരംഭിക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ ഹസാരെ പറഞ്ഞു. റാലിഗാന്‍ സിദ്ധിയിലെ യാദവ് ബാബ ക്ഷേത്രത്തില്‍ നിരാഹാരം തുടങ്ങാനാണ് അന്നാ ഹസാരെയുടെ തീരുമാനം.
സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതു മാത്രമാണ് സര്‍ക്കാര്‍ കണക്കിലെടുക്കുന്നതെന്നും മദ്യനിര്‍മാതാക്കളുടേയും വില്‍പനക്കാരുടേയും താല്‍പര്യം മാത്രമാണ് സംരക്ഷിക്കപ്പെടുകയെന്നും ഹസാരെ ചൂണ്ടിക്കാട്ടി.