ന്യുദൽഹി- ഈയിടെ പുറത്തു വന്ന വൻകിട ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ മുൻനിര സ്വകാര്യ ബാങ്കുകളായ ഐ.സി.ഐ.സി.ഐ, ആക്‌സിസ് എന്നീ ബാങ്കുകളുടെ മേധാവികളെ തട്ടിപ്പ് വിരുദ്ധ ഏജൻസി വിളിപ്പിച്ചു. ഐസിഐസിഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ചന്ദ കൊച്ചാർ, ആകസിസ് ബാങ്ക് മേധാവി ശിഖ ശർമ എന്നിവരെയാണ് സീരിയസ് ഫ്രോഡ്‌സ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ് എഫ് ഐ ഒ) അധികൃതർ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കോടികൾ തട്ടി മുങ്ങിയ മെഹുൽ ചോസ്‌കിയുടെ ഗീതാജ്ഞലി ഗ്രൂപ്പിന് കോടികൾ വായ്പ നൽകിയ 31 ബാങ്കുകളുടെ കൺസോർഷ്യത്തിന് നേതൃത്വം നൽകുന്നത് ഐസിഐസിഐ ബാങ്കാണ്.
തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ആരായാൻ മാത്രമാണ് ഇവരെ വിളിപ്പിച്ചതെന്നും ഇവർ കേസിൽ പ്രതികളല്ലെന്നും ഏജൻസി വൃത്തങ്ങൾ പറയുന്നു. കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിനു കീഴിലുള്ള തട്ടിപ്പ് അന്വേഷണ ഏജൻസിയാണ് എസ് എഫ് ഐ ഒ. ഇതുൾപ്പെടെ 12ഓളം ഏജൻസികളാണ് ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിച്ചു വരുന്നത്.
നീരവ് മോഡിയുടെ തട്ടിപ്പ് അന്വേഷിക്കുന്ന സിബിഐ നേരത്തെ ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ എൻ എസ് കണ്ണനെ ചോദ്യം ചെയ്തിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് മോഡിയും ചോസ്‌കിയും കോടികൾ തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരു മാസത്തിനിടെ 20 പേരെയാണ് സിബിഐ അറസറ്റ് ചെയ്തത്.