മുംബൈ- കേന്ദ്ര സര്‍ക്കാരിന്റെ വിമാന കമ്പനിയായ അലയന്‍സ് എയറിന്റെ ചെറു വിമാനം എഞ്ചിന്‍ മൂടിയില്ലാതെ 70 യാത്രക്കാരേയും വഹിച്ചു പറന്നു. മുംബൈയില്‍ നിന്ന് ഗുജറാത്തിലെ ഭുജിലേക്കു പറന്ന അലയന്‍സ് എയര്‍ എടിആര്‍ 72-600 ചെറുവിമാനമാണ് അപകടകരമായി പറന്നത്. ടെക്ക് ചെയ്യുന്നതിനിടെ എഞ്ചിന്‍ മൂടി തുറന്ന് റണ്‍വേയില്‍ വീഴുകയായിരുന്നു എന്നാണ് റിപോര്‍ട്ട്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നതായും അധികൃതര്‍ പറയുന്നു. എഞ്ചിന്‍ മൂടി റണ്‍വേയില്‍ നിന്ന് പിന്നീട് കണ്ടെടുത്തു. അതേസമയം വിമാനം സുരക്ഷിതമായി ഭുജ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു.
അപകട സാധ്യതയുണ്ടാക്കിയ സംഭവം ഡിജിസിഎ അന്വേഷിക്കുന്നുണ്ട്. എഞ്ചിന്‍ കവര്‍ ഇല്ലാതെ പറക്കുന്നത് വിമാന എഞ്ചിന് വലിയ കേടുപാടുകളുണ്ടാക്കാന്‍ സാധ്യത കുറവാണെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം വിമാനത്തിന്റെ പ്രവര്‍ത്തനത്തെ നേരിയ തോതില്‍ സ്വാധീനിക്കാം. തുറന്നു കിടന്ന എഞ്ചിന്‍ ഭാഗങ്ങളേയും ബാധിച്ചേക്കാം. പറക്കുന്നതിനു മുമ്പ് നടത്തുന്ന പരിശോധനയില്‍ വന്ന വീഴ്ചയാകാം എഞ്ചിന്‍ മൂടി അടര്‍ന്നു വീഴാന്‍ കാരണമെന്ന് കരുതപ്പെടുന്നു. ശരിയായി ഉറപ്പിക്കാത്തതിനാലാണ് ഇതു വീണത്. എഞ്ചിന്‍ മൂടി ഉറപ്പിച്ചട്ടുണ്ടെന്ന് ജീവനക്കാരും മുന്‍കൂട്ടി ഉറപ്പാക്കേണ്ടതാണ്.
70 യാത്രക്കാരും നാലു ജീവനക്കാരും ഒരു എയര്‍ക്രാഫ്റ്റ് മെയ്ന്റനന്‍സ് എഞ്ചിനീയറുമാണ് വിമാനത്തിലുണ്ടായിരുന്നത്.
നേരത്തെ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഉപ കമ്പനിയായിരുന്നു അലയന്‍സ് എയര്‍. പിന്നീട് എയര്‍ ഇന്ത്യാ ലയനത്തോടെ എയര്‍ ഇന്ത്യയുടെ ഭാഗമായി മാറി. എയര്‍ ഇന്ത്യയെ ടാറ്റ് ഗ്രൂപ്പിനു വിറ്റ ഇടപാടില്‍ അലയന്‍സ് എയര്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇതോടെ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ അവശേഷിക്കുന്ന ഏക വിമാന കമ്പനിയായി അലയന്‍സ് എയര്‍ മാറി.