Sorry, you need to enable JavaScript to visit this website.

കരസേനയുടെ അപൂര്‍വ രക്ഷാ ദൗത്യം; വീഡിയോ കാണാം

പാലക്കാട്- തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ മലമ്പുഴയില്‍ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബു എന്ന 23 കാരനെ രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ജീവിതത്തിലേക്ക് തിരികെ എത്തിച്ച കരസേക്ക് അഭിമാനം.
അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന നിലയില്‍ ശ്രദ്ധേയമായി ഈ ദൗത്യം. ട്രക്കിങ്ങിനിടെ കാല്‍ വഴുതിയാണ് മലയുടെ പ്രത്യേക വിള്ളലിലേക്ക് യുവാവ് വീണത്. രണ്ടു ദിവസം പൂര്‍ണമായും ജലപാനം പോലുമില്ലാതെ രാതിയിലെ കൊടും തണുപ്പും പകലിലെ അസാമാന്യ വെയിലും സഹിച്ചാണ് യുവാവ് പിടിച്ചു നിന്നത്. സുരക്ഷാ സൈന്യത്തിന് പോലും ബാബുവിന്റെ ആത്മവിശ്വാസവും മനോധൈര്യവും അല്‍ഭുതമായി.
സുരക്ഷാസേനയോടൊപ്പം  യുവാവിന്റെ അസാധാരണമായ ഇഛാശക്തിയേയും ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രകീര്‍ത്തിച്ചു.  
ബാബുവും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് തിങ്കളാഴ്ചയാണ് മലകയറാന്‍ പോയത്. ഒരു കിലോമീറ്ററില്‍ കൂടുതല്‍ ഉയരമുള്ള മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ തിരികെപോകാന്‍ തീരുമാനിച്ചു. പക്ഷെ, ബാബു കുറച്ചുകൂടി ഉയരത്തില്‍ പോയശേഷമേ മടങ്ങു എന്ന് കൂട്ടുകാരോട് പറഞ്ഞു മുന്നോട്ടുപോയി. മുകളിലേക്കുള്ള കയറ്റത്തിനിടയില്‍ കാല്‍ വഴുതി ചെങ്കുത്തായ മലയിലൂടെ താഴേക്കു ഊര്‍ന്നുപോയി പാറയിടുക്കില്‍ കുടുങ്ങി എന്നാണ് കരുതുന്നത്.

തിങ്കളാഴ്ച രാത്രി തന്നെ വനം, പോലീസ്, അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരുടെ സംഘം രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. ചൊവ്വാഴ്ച രാവിലെ മറ്റൊരു സംഘവും മല കയറി, ഫലമുണ്ടായില്ല. ദേശീയ ദുരന്തനിവാരണ സേന കയര്‍ ഇറക്കി പാറയിടുക്കില്‍ എത്താന്‍ ശ്രമിച്ചെങ്കിലും അതും നടന്നിരുന്നില്ല.

കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ എത്തിയെങ്കിലും ഭൂപ്രകൃതിയും ശക്തമായ കാറ്റും പൊടിയും കാരണം കോപ്റ്ററിനെ അന്തരീക്ഷത്തില്‍ നിറുത്തി രക്ഷാസംഘത്തിന് ഇറങ്ങാനായില്ല. ഡ്രോണില്‍ വെള്ളമെത്തിക്കാനുള്ള ശ്രമവും മലയുടെ ചെരിവും വളവും കാരണം പരാജയപ്പെട്ടു. സന്നദ്ധ സംഘടനകളും ആദിവാസികളും അരികിലെത്താന്‍ ശ്രമിച്ചു. ഇവയെല്ലാം  പരാജയപ്പെട്ടതോടെയാണ് കരസേനയെ ആശ്രയിക്കേണ്ടിവന്നത്.
കരസേനയുടെ എന്‍ജിനിയറിങ് വിഭാഗം, പര്‍വതാരോഹണ വിദഗ്ധര്‍. ദേശീയ ദുരന്ത പ്രതികരണ സേന അംഗങ്ങള്‍, മലയെ പരിചയമുള്ള പ്രദേശവാസികളായ മൂന്നുപേര്‍ എന്നിവരാണ് മലമുകളിലെ രക്ഷാദൗത്യം നടക്കുന്ന സ്ഥലത്തേക്ക് എത്തിയിരുന്നത്. ഈ സംഘത്തിന് നേതൃത്വം കൊടുത്തവരില്‍ മലയാളിയായ കേണല്‍ ഹേമന്ദ് രാജൂം ഉള്‍പ്പെടുന്നു.

 

Latest News