ഇറ്റാനഗര്‍- അരുണാചല്‍ പ്രദേശിലെ കമെങ് സെക്ടറില്‍ കനത്ത ഹിമപാതത്തെ തുടര്‍ന്ന് മഞ്ഞിടിഞ്ഞ് അടിയില്‍പ്പെട്ട ഏഴു സൈനികരും മരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും കരസേന അറിയിച്ചു. സേനയുടെ പട്രോള്‍ സംഘത്തെ വാഹനത്തോടൊപ്പം ഞായറാഴ്ചയാണ് മഞ്ഞിടിഞ്ഞ് കാണാതായത്. സമുദ്രനിരപ്പില്‍ നിന്നും 14500 അടി ഉയരത്തിലുള്ള ഈ മേഖലയില്‍ ഏതാനും ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയുമാണ്. സൈനികരുടെ മൃതദേഹങ്ങള്‍ അപകടസ്ഥലത്തു നിന്ന് തൊട്ടടുത്ത സൈനിക ആശുത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും സേന അറിയിച്ചു. ഇവരെ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ആരേയും രക്ഷിക്കാനായില്ലെന്ന് സേന പറഞ്ഞു.