അഗര്‍ത്തല- ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കുംനേരെ വ്യാപക അക്രമം. തെക്കന്‍ ത്രിപുരയിലെ ബലോണിയയില്‍ സ്ഥാപിച്ച ലെനിന്‍ പ്രതിമ ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി- ഐപിഎഫ്ടി സഖ്യം വന്‍ വിജയം നേടിയതിനുശേഷമാണ് പലയിടത്തും സിപിഎം ഓഫീസുകള്‍ ആക്രമിക്കപ്പെട്ടത്. ഏതാനും ഓഫീസുകള്‍ക്ക് തീയിട്ടു.
ബലോണിയയില്‍ കോളേജ് സ്‌ക്വയറില്‍ അഞ്ചുവര്‍ഷം മുമ്പ് സ്ഥാപിച്ച പ്രതിമയാണ് പട്ടാപ്പകല്‍ തകര്‍ക്കപ്പെട്ടത്. ഭാരത് മാതാ കീ ജയ് വിളിച്ചുകൊണ്ടാണ് പ്രതിമ തകര്‍ത്തതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അക്രമസംഭവങ്ങളില്‍ കര്‍ശന നടപടിയെടുക്കാന്‍ ത്രിപുര ഗവര്‍ണര്‍ തഥാഗത റോയിക്കും ഡിജിപി എ.കെ. ശുക്ലയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നിര്‍ദേശം നല്‍കി.
വന്‍തോതില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിട്ടും മൂന്നുപേരെ മാത്രമാണ് അറസ്റ്റ് ചെയ്ത്. നാലു പരാതികള്‍ കൂടി ലഭിച്ചതായി പോലീസ് അറിയിച്ചു. വെസ്റ്റ് ത്രിപുര ജില്ലയിലെ സിദ്ധൈ മേഖലയിലെ രണ്ട് സിപിഎം ഓഫിസുകള്‍ക്കു തീയിട്ടു. നോര്‍ത്ത് ത്രിപുര ജില്ലയിലെ കടംതലയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
ബിജെപി പ്രവര്‍ത്തകര്‍ ഭീതി പരത്തുകയാണെന്ന് സിപിഎം ആരോപിച്ചു. ബിജെപിക്കാരുടെ ആക്രമണത്തില്‍ 240 പേര്‍ക്ക് പരിക്കുണ്ട്. പാര്‍ട്ടി നേതാക്കളുടെ വീടുകളം ആക്രമിക്കപ്പെടുകയാണെന്ന് ത്രിപുര സിപിഎം നേതാവ് ഹരിപഡ ദാസ് ആരോപിച്ചു. 1539 വീടുകള്‍ക്കുനേരെ ആക്രമണമുണ്ടായെന്നും തീവെപ്പും കൊള്ളയുമാണ് നടക്കുന്നതെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം ബിജന്‍ ധര്‍ പറഞ്ഞു. തങ്ങളുടെ 49 പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ആക്രമിച്ചെന്നും ഇവരില്‍ 17 പേര്‍ ആശുപത്രിയിലാണെന്നും ബിജെപി ആരോപിച്ചു.
#WATCH: Statue of Vladimir Lenin brought down at Belonia College Square in Tripura. pic.twitter.com/fwwSLSfza3
— ANI (@ANI) March 5, 2018