ന്യൂദല്‍ഹി- ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന ഖ്യാതി ഇനി ഗൗതം അദാനിക്ക്. റിലയന്‍സ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനിയുടെ പദവിയാണ് അദാനിക്ക് ലഭിച്ചിരിക്കുന്നത്. ചെറുകിട ചരക്ക് വ്യാപാര ബിസിനസില്‍നിന്ന് തുറമുഖങ്ങളും ഖനികളും ഗ്രീന്‍ എനര്‍ജിയും വ്യാപിച്ചുകിടക്കുന്ന വന്‍ സാമ്രാജ്യം വളര്‍ത്തിയെടുത്ത കോടീശ്വരനാണ് ഗൗതം അദാനി.
ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം 59 കാരനായ അദാനിയുടെ ആസ്തി തിങ്കളാഴ്ച 88.5 ബില്യണ്‍ ഡോളറിലെത്തി, മുകേഷ് അംബാനിയുടെ 87.9 ബില്യണ്‍ ഡോളറിനെയാണ് അദ്ദേഹം മറികടന്നത്. തന്റെ സ്വകാര്യ സമ്പത്തില്‍ ഏകദേശം 12 ബില്യണ്‍ ഡോളര്‍ കുതിച്ചുയരുന്നതോടെ, ഈ വര്‍ഷം ലോകത്തില്‍ ഏറ്റവും വലിയ സമ്പത്ത് നേടിയ വ്യക്തിയാണ് അദാനി.
വിവാദമായ ഓസ്ട്രേലിയന്‍ ഖനിയുടെ പേരില്‍ ഗ്രെറ്റ തന്‍ബെര്‍ഗ് ഉള്‍പ്പെടെയുള്ള കാലാവസ്ഥാ പ്രവര്‍ത്തകരില്‍നിന്ന് വിമര്‍ശനം ഏറ്റുവാങ്ങിയ അദാനി ഫോസില്‍ ഇന്ധനത്തിനപ്പുറത്തേക്ക് സാധ്യതകള്‍ തേടുകയാണ്. പുനരുപയോഗിക്കാവുന്ന ഊര്‍ജം, വിമാനത്താവളങ്ങള്‍, ഡാറ്റാ സെന്ററുകള്‍, പ്രതിരോധ കരാറുകള്‍ എന്നിവയിലേക്കാണ് അദ്ദേഹം നീങ്ങുന്നത. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മുന്‍ഗണന മേഖലകളാണിത്. രാഷ്ട്രനിര്‍മ്മാണത്തിലും രാജ്യത്തിന്റെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും ഇവ നിര്‍ണായകമാണെന്ന് മോഡി പറഞ്ഞിട്ടുണ്ട്.