ഗാസിയാബാദ് -യു.പിയില്‍ തുടര്‍ച്ചയായി മുഖം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ പടുകുഴിയില്‍ നിന്ന് കരകയറ്റാനായി പതിനെട്ടാമെത്തെ അടവാണ് തെരഞ്ഞെടുപ്പില്‍ പ്രിയങ്കാഗാന്ധി പയറ്റുന്നത്. വനിതകള്‍ക്ക് നാല്‍പത് ശതമാനം സീറ്റുകള്‍ നല്‍കിക്കൊണ്ട് വനിതാ വിപ്ലവം നടത്തുന്ന പ്രിയങ്കയുടെ ചൂണ്ടയില്‍ വനിത വോട്ടര്‍മാര്‍ കൊത്തുമോയെന്നാണ് അറിയാനുള്ളത്. ഏതെങ്കിലും തരത്തില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച വനിതകള്‍ക്കൊക്കെ പ്രിയങ്ക വീട്ടില്‍ കൊണ്ട് പോയി സീറ്റ് കൊടുത്തിട്ടുണ്ട്. അവരോടൊപ്പം സെല്‍ഫിയെടുത്ത് പ്രചരിപ്പിക്കുന്നുമുണ്ട്. സഹോദരന്‍ രാഹുല്‍ഗാന്ധി യു.പിയിലേക്ക് തിരിഞ്ഞു നോക്കുന്നില്ലെങ്കിലും പ്രിയങ്ക സര്‍വ്വ ഊര്‍ജ്ജവുമെടുത്ത് യു.പിയിലെ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം ഓടി നടക്കുന്നുണ്ട്. പ്രിയങ്കയുടെ വനിതാ വിപ്ലവം പക്ഷേ, യു.പിയിലെ ആസ്ഥാന കോണ്‍ഗ്രസുകാര്‍ക്ക് പിടിച്ച മട്ടില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടിയുടെ പ്രചാരണത്തിന് ചൂടും ചൂരും വേണ്ടത്രയില്ല. പരസ്യ കമ്പനികള്‍ക്ക് പണം കൊടുത്ത് കുറച്ച് ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചതൊഴിച്ചാല്‍ മറ്റ് കാര്യമായ പ്രചാരണങ്ങളൊന്നും കാണാനില്ല. വോട്ടര്‍മാരിലും മതിപ്പ് പോരാ. ബി.ജെ.പിയും, സമാജ്‌വാദി പാര്‍ട്ടിയും, ബി.എസ്.പിയുമെല്ലാം കഴിഞ്ഞ് നാലാമത്തെ സാധ്യതയാണ് അവര്‍ കോണ്‍ഗ്രസിന് നല്‍കുന്നത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്കൊപ്പമാണ് കോണ്‍ഗ്രസ് മത്സരിച്ചത്. പ്രകടനം വളരെ മോശമായതിനാല്‍ നേതാക്കള്‍ പിന്നാലെ നടന്നിട്ടും കോണ്‍ഗ്രസിനെ കൂട്ടാന്‍ ഇത്തവണ അഖിലേഷ് യാദവ് തയ്യാറായില്ല. കോണ്‍ഗ്രസിനെ വിട്ട് അവര്‍ രാഷ്ട്രീയ ലോക്ദളിന് പിന്നാലെ പോയപ്പോള്‍ ഒറ്റയ്ക്ക് മത്സരിക്കുക മാത്രമേ കോണ്‍ഗ്രസിന് രക്ഷയുണ്ടായിരുന്നുള്ളൂ. 2017ല്‍ സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് 114സീറ്റില്‍ മത്സരിച്ചപ്പോള്‍ കിട്ടിയത് വെറും ഏഴ് സീറ്റുകളാണ്. വോട്ട് വിഹിതം ആറ് ശതമാനവും. പാര്‍ട്ടിയുടെ യു.പിയിലെ ഏറ്റവും മോശം പ്രകടനമായിരുന്നു അത്.