തിരുവനന്തപുരം- സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി സ്വപ്നക്ക് നോട്ടീസ് അയച്ചു. എന്നാല്‍ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇ മെയിലില്‍ സാങ്കേതിക പ്രശ്‌നമുണ്ടെന്നും സ്വപ്‌ന പറഞ്ഞു.
സമന്‍സ് കിട്ടിയാല്‍ ചോദ്യം ചെയ്യലിന് ഹാജരാകും. തനിക്ക് ഭയക്കാന്‍ ഒന്നുമില്ല. തന്റെ പുതിയ വെളിപ്പെടുത്തല്‍ കേസിനെക്കുറിച്ചോ സര്‍ക്കാരിനെക്കുറിച്ചോ അല്ലെന്നും ശിവശങ്കര്‍ എന്ന വ്യക്തിയെക്കുറിച്ചാണെന്നും സ്വപ്‌ന പറഞ്ഞു.
സ്വപ്‌നയുടേതായി പുറത്തുവന്ന ശബ്ദരേഖ തിരക്കഥ പ്രകാരമാണെന്ന വെളിപ്പെടുത്തലിലാണ് ഇ.ഡി വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ശിവശങ്കറിന്റെ പുസ്തകം പുറത്തുവന്നതിന് പിന്നാലെയാണ് സ്വപ്ന സുരേഷ് അഭിമുഖങ്ങളിലൂടെ പുതിയ ആരോപണം ഉന്നയിച്ചത്.
ബുധനാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകാനാണ് സ്വപ്നയോട് നിര്‍ദേശിച്ചിരിക്കുന്നതെന്ന് അറിയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍കൂടി വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കൂടുതല്‍ പരിശോധനയുടെ ഭാഗമായാണ് എന്‍ഫോഴ്‌മെന്റ് ചോദ്യംചെയ്യുന്നത്.
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്ന് സ്വപ്ന സുരേഷിന്റെ ശബ്ദരേഖ നേരത്തെ വിവാദമായിരുന്നു. ഇതിന്റെ പിന്നില്‍ എം. ശിവശങ്കറാണെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. ശിവശങ്കറിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനുവേണ്ടിയാണ് ഇ.ഡി വിളിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്ന കാര്യവും ഇ.ഡി പരിശോധിക്കുന്നുണ്ട്. മൊഴിയില്‍ ആരേക്കുറിച്ചൊക്കെ പറയുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതല്‍ ആളുകളെ കേസുമായി ബന്ധപ്പെട്ട് വിളിപ്പിക്കുക.