ആഗ്ര- യു.പി തെരഞ്ഞെടുപ്പില്‍ ആഗ്രയില്‍ നിന്ന് ഒരു കൈ നോക്കാന്‍ മുസ്‌ലീം ലീഗും. ആഗ്ര സൗത്ത് മണ്ഡലത്തിലാണ് കോണി ചിഹ്നത്തില്‍ മുസ്‌ലീം ലീഗിന് വേണ്ടി യു.പിയിലെ പാര്‍ട്ടി നേതാവ് മുഹമ്മദ് ഖാമില്‍ മത്സരിക്കുന്നത്. ബഹുജന്‍ മുക്തി പാര്‍ട്ടി നയിക്കുന്ന 13 ചെറിയ പാര്‍ട്ടികള്‍ ഉള്‍പ്പെട്ട രാഷ്ട്രീയ പരിവര്‍ത്തന്‍ മോര്‍ച്ചയുടെ ഭാഗമായാണ് മുസ്‌ലീം ലീഗ് മത്സര രംഗത്തുള്ളത്.
മുഹമ്മദ് ഖാമില്‍ സജീവ പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിന്ന് മുസ് ലീംലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി.അബ്ദുല്‍ വഹാബ്, അബ്ദുസമദ് സമദാനി എന്നിവര്‍ കഴിഞ്ഞ ദിവസം മുഹമ്മദ് ഖാമിലിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നു. ആഗ്രയ്ക്ക് പുറമെ ഉന്നാവിലും മുസ്‌ലീം ലീഗിന് മുന്നണിയില്‍ മത്സരിക്കാന്‍ സീറ്റ് ലഭിച്ചിരുന്നെങ്കിലും അവിടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച പത്രിക തള്ളിപ്പോയി. ബഹറായ്ച് മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ സീറ്റു ലഭിച്ചിട്ടുണ്ടെങ്കിലും ബഹുജന്‍ മുക്തി പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് ആ പാര്‍ട്ടിയുടെ നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോണി ചിഹ്നത്തില്‍ മത്സരിക്കാന്‍ സാധിക്കാത്തതിനാല്‍ ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമോയെന്ന കാര്യത്തില്‍ മുസ്‌ലീം ലീഗ് തീരുമാനമെടുത്തിട്ടില്ല.ആഗ്ര സൗത്തില്‍ പാര്‍ട്ടി ജയിക്കുമെന്ന അവകാശവാദം ഉന്നയിക്കുന്നില്ലെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് മുഹമ്മദ് ഖാമിലിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മുസ്‌ലീം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി തിരുനാവായ സ്വദേശിയായ എം.പി മുഹമ്മദ് കോയ പറഞ്ഞു.