ജിദ്ദ - ജിദ്ദയിലെ ഇന്ത്യൻ സമൂഹം ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾക്ക് അടിയന്തരമായി ട്രാൻസ്പോർട്ടേഷൻ സൗകര്യം ഒരുക്കണമെന്ന് പ്രവാസി സാംസ്കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.
കെ.ജി മുതൽ 12 വരെ മുഴുവൻ ക്ലാസുകളിലേക്കും ഫെബ്രുവരി ആറ് മുതൽ ക്ലാസ്സുകൾ തുടങ്ങിയപ്പോൾ സ്കൂൾ ട്രാൻസ്പോർട്ടേഷൻ സംവിധാനം ഒരുക്കാത്തതിനാൽ രക്ഷിതാക്കൾ നെട്ടോട്ടമോടുകയാണ്. രാവിലെ എട്ട് മുതൽ ഒരു മണി വരെയാണ് മിക്ക ക്ലാസുകളും. ഗേൾസ് സെക്ഷൻ, ബോയ്സ് സെക്ഷൻ, കിന്റർ ഗാർഡൻ സെ്ക്ഷൻ എന്നിങ്ങനെ മൂന്ന് ലൊക്കേഷനുകളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ മൂന്നു സഥലങ്ങളിലേക്കും കുട്ടികളെ എത്തിക്കുകയും അവരെ കൃത്യസമയത്തു തന്നെ പോയി തിരികെ കൂട്ടിക്കൊണ്ട് വരികയും ചെയ്യുക എന്നത് വളരെ ശ്രമകരമായ ദൗത്യമാണ്. ശക്തമായ ട്രാഫിക് ഉള്ള ഉച്ച സമയത്തു ഓഫീസുകളിൽനിന്നും പോയി കൂട്ടികളെ കൂട്ടാൻ മിക്ക രക്ഷിതാക്കൾക്കും സാധ്യമല്ല. കൂടാതെ പ്രൈവറ്റ് ടാക്സികളെയാണ് മിക്കവാറും രക്ഷിതാക്കൾ ആശ്രയിക്കുന്നത്. അതിലൂടെ വരുന്ന അധിക സാമ്പത്തിക ഭാരവും കുട്ടികളുടെ സുരക്ഷിതത്വത്തിലുള്ള ആധിയും പലരെയും കുട്ടികളെ സ്കൂളുകളിലേക്ക് അയക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുകയാണ്.
കൂടാതെ ജിദ്ദയിലെ പുതിയ നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങൾ പൊളിച്ചത് മൂലം വാടകയിലുണ്ടായ വർധനവും കൂടിയാകുമ്പോൾ ഒരു ശരാശരി പ്രവാസിയെ സംബന്ധിച്ചെടത്തോളം ജീവിതം ഏറെ പ്രയാസത്തിലാക്കുന്നതാണ്.
അധികൃതർ ഇക്കാര്യത്തിൽ എത്രയും വേഗത്തിൽ ഇടപെട്ട് വാഹന സൗകര്യം ഒരുക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് പ്രവാസി സംസ്കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി അഭ്യർഥിച്ചു.