ചെന്നൈ- രാഷ്ട്രീയ പ്രവർത്തനം എളുപ്പമുള്ള ജോലിയല്ലെന്ന് അറിയാമെന്നും തമിഴനാട്ടിലെ രാഷട്രീയ രംഗത്ത് നേതാക്കളുടെ വിടവ് നികത്താനാണ് താൻ പാർട്ടി രൂപീകരിച്ചതെന്നും നടൻ രജനികാന്ത്. 'ജയലളിത ഇന്ന് ഇല്ല. കരുണാനിധി അനാരോഗ്യം കാരണം പൊതുരംഗത്തില്ല. തമിഴ്‌നാടിന് വേണ്ടത് ഒരു നേതാവിനേയാണ്. ഈ ശൂന്യത ഞാൻ നികത്തും,' ഡിസംബറിൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം രജനി നടത്തിയ ആദ്യ പൊതു പ്രസംഗത്തിൽ പറഞ്ഞു. ചെന്നൈയിലെ ഡോ. എംജിആർ എഡുക്കേഷണൽ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിൽ മുൻമുഖ്യമന്ത്രിയും സിനിമാ രംഗത്തെ ഗുരുവുമായ എംജി രാമചന്ദ്രന്റെ പ്രതിമ അനാച്ഛാദം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരും രാഷ്ട്രീയക്കാരും ചുമതലകളിൽ നിന്ന് ഒഴിഞ്ഞു മാറുന്നതിനേയും രജനി വിമർശിച്ചു. 'സർക്കാരും രാഷ്ട്രീയക്കാരും ചോദിക്കുന്നത് നടന്മാർ എന്തിനാണ് മേക്കപ്പ് അഴിച്ചു വച്ച് അവരുടെ ജോലികളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുന്നത് എന്നാണ്. എനിക്കിപ്പോൾ 67 വയസ്സായി. നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യാത്തതു കൊണ്ട് അതു ഞാൻ ചെയ്യാനൊരുങ്ങുന്നു,' രജനി പറഞ്ഞു.
'മറ്റു രാഷ്ട്രീയ പാർട്ടികൾ എന്നെ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. പക്ഷെ എന്തിനാണു നിങ്ങൾ എന്നേയും മറ്റുള്ളവരേയും നിരുത്സാഹപ്പെടുത്തുന്നത്?' അദ്ദേഹം ചോദിച്ചു. 'രാഷ്ട്രീയ യാത്ര സുഖകരമല്ലെന്നും പ്രതിബന്ധങ്ങളും പോരാട്ടങ്ങളും ഉണ്ടാകുമെന്നും അറിയാം. രാഷ്ട്രീയം പാമ്പുകൾക്കും തേളുകൾക്കുമിടയിലൂടെയുള്ള യാത്രയാണ്. എങ്കിലും എംജിആർ നടത്തിയ ഭരണം എനിക്കും കഴിയുമെന്ന് വിശ്വാസമുണ്ട്,' അദ്ദേഹം പറഞ്ഞു.
തന്റെ പേരിലുള്ള ബാനറുകൾ എടുത്തു മാറ്റണമെന്നും അണികളോട് രജനി ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് തടസ്സമുണ്ടാകുന്ന തരത്തിൽ ബാനറുകൾ സ്ഥാപിക്കുന്നത് ഹൈക്കോടതി വിധിക്കെതിരാണെന്നും പ്രവർത്തകർ ഇതു ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.