ഇസ്ലാമാബാദ്- ചൈനയിലെ മുസ്‌ലിം ജനസംഖ്യ ഏറെയുളള ഷിൻജിയാങ് പ്രവിശ്യയിൽ പാക്കിസ്ഥാനി പുരുഷൻമാരെ വിവാഹം ചെയ്ത 50ഓളം മുസ്‌ലിം സ്ത്രീകളെ ചൈനീസ് അധികൃതർ പിടികൂടിയതായി റിപ്പോർട്ട്. വടക്കൻ ചൈനയിലെ പാക് അതിർത്തിയോട് ചേർന്ന് കിടക്കുന്ന മേഖലയാണിത്. പാക്കിസ്ഥാൻ സർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനിലെ ജിൽജിത്ത് ബാൾട്ടിസ്ഥാൻ മേഖലാ നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി. സഭയിലെ അംഗങ്ങളാണ് ഈ വിഷയം വെളിപ്പെടുത്തിയത്. പാക്കിസ്ഥാനികൾ വിവാഹം ചെയ്ത 50ഓളം ചൈനീസ് ഭാര്യമാരുടെ മോചനം ഉറപ്പാക്കാൻ പാക് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.
ഷിൻജിയാങിലെ ബന്ധുക്കളെ കാണാനായി പോയപ്പോൾ കഴിഞ്ഞ വർഷമാണ് ഇവരെ ചൈനീസ് അധികൃതർ പിടികൂടിയതെന്നാണ് ആരോപണം. ഷിൻജിയാങിലെ ഉയിഗൂർ മുസ്‌ലിം വംശജർക്കെതിരെ ചൈനീസ് തീവ്രവാദ വിരുദ്ധ സേന നടത്തിയ നീക്കത്തിനിടെ ഇവരെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നെന്ന് ജിൽജിത്ത് ബാൾട്ടിസ്ഥാൻ ഡെപ്യൂട്ടി സ്പീക്കർ പറയുന്നു.
ജിൽജിത്ത് ബാൾട്ടിസ്ഥാനിലുള്ളവരും ഷിൻജിയാങിലുള്ളവരും തമ്മിലുള്ള വൈവാഹിക ബന്ധങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചൈനയേയും പാക്കിസ്ഥാനേയും ബന്ധിപ്പിക്കു ഖുൻജെറാബ് ചുരം വഴി വ്യാപാരാവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവരാണ് ചൈനീസ് മുസ്ലിം സത്രീകളെ വിവാഹം ചെയ്തവർ. ഈ രണ്ടു മേഖലകളും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തിനും ഏറെ പഴക്കമുണ്ടെന്ന് പാക്കിസ്ഥാനിലെ പ്രാദേശിക നിയമസഭാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് ഭാര്യമാരെ പിടികൂടിയതു സംബന്ധിച്ച് ഇതുവരെ ചൈനയോ പാക്കിസ്ഥാനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധത്തിന്റെ കവാടമായാണ ജിൽജിത്ത് ബാൾട്ടിസ്ഥാൻ അറിയപ്പെടുന്നത്. ഇവിടെ ചൈനയുടെ വൻ നിക്ഷേപവുമുണ്ട. റോഡ്, റെയിൽ, പ്രത്യേക സാമ്പത്തിക മേഖലകൾ, വൈദ്യുത നിലയങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും മറ്റുമായി ചൈന ഇവിടെ 62 ശതകോടി ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഭാഗമായി ആയിരക്കണക്കിന് ചൈനക്കാർ ഇവിടെ ജോലി ചെയ്യുന്നുമുണ്ട്.
ഷിൻജിയാങിൽ ഉയിഗൂർ മുസ്‌ലിംകളുടെ വിശ്വാസപരമായ കാര്യങ്ങൾക്ക് ചൈനീസ് സർക്കാർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ ഇവിടെ ഇടക്കിടെ പ്രതിഷേധങ്ങൾ നടക്കാറുണ്ട്. നിരോധിത സംഘടനയായ ഈസ്റ്റ് തുർക്കിസ്ഥാൻ ഇസ്ലാമിക മൂവ്‌മെന്റ് എന്ന സംഘടന തീവ്രവാദ പ്രവർത്തനങ്ങളിലേർപ്പെടുന്നു എന്നാരോപിച്ചാണ് ഇവിടെ ചൈനീസ് അധികൃതരുടെ അടിച്ചമർത്തൽ. മുസ്‌ലിംകൾക്കെതിരായ സർക്കാർ നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ രൂപീകരിക്കപ്പെട്ട സംഘടനയാണിത്.