ന്യൂദല്‍ഹി- ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസിയുടെ കാറിന് നേരെ അടുത്തിടെയുണ്ടായ ആക്രമണത്തിന് ശേഷം സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഇസഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച അഭ്യര്‍ഥിച്ചു.
ഉവൈസി ഇപ്പോഴും സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്ന് സര്‍ക്കാര്‍ വിലയിരുത്തലില്‍ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാല്‍ സി.ആര്‍.പി.എഫ് സംരക്ഷണം സ്വീകരിക്കാന്‍ ഹൈദരാബാദ് എംപി വിസമ്മതിച്ചതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും രാജ്യസഭയില്‍ അമിത് ഷാ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.
ഫെബ്രുവരി 3 ന് ഉത്തര്‍പ്രദേശില്‍ വെച്ച് ഉവൈസിയുടെ കാറിന് നേരെ വെടിയുതിര്‍ത്ത രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.
കേസില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷാ പറഞ്ഞു.
ഈ സഭയിലൂടെ, ഉവൈസി ജിയോട് അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ഞങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് സുരക്ഷ സ്വീകരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു -മന്ത്രി പറഞ്ഞു.