ബംഗളൂരു- ഹിജാബ് വിലക്കും മുസ്ലിം വിദ്വേഷവും കര്‍ണാടകയില്‍ കൂടുതൽ കോളെജുകളിലേക്ക് വ്യാപിക്കുന്നതായും റിപോര്‍ട്ട്. മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് വരുന്നതിനെതിരെ ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ കാവി ഷാള്‍ അണിയിച്ചാണ് രംഗത്തിറക്കിയിരിക്കുന്നത്. ഇവര്‍ തമ്മില്‍ ചേരിതിരിഞ്ഞ് വര്‍ഗീയ സംഘര്‍ഷം ഉണ്ടായേക്കുമെന്ന് കണക്കിലെടുത്ത് രണ്ട് കോളെജുകള്‍ ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ചിക്കമംഗലുരുവിലെ ഐഡിഎസ്ജി കോളെജില്‍ കാവി ഷാള്‍ അണിഞ്ഞവരും ഇവര്‍ക്കെതിരെ പ്രതിഷേധിച്ച നീല ഷാള്‍ അണിഞ്ഞവരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഹിജാബ് വിലക്കില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ദളിത് വിദ്യാര്‍ത്ഥികളാണ് നീല ഷാള്‍ അണിഞ്ഞെത്തിയത്.
കുണ്ടാപൂരിലെ തന്നെ കലവര വരദരാജ് എം ഷെട്ടി ഗവ. ഫസ്റ്റ് ഗ്രേഡ് കോളെജ് അധികൃതര്‍ ഹിജാബിട്ട വിദ്യാര്‍ത്ഥിനികളെ വീട്ടിലേക്കു തന്നെ തിരിച്ചയച്ചു. ഹിജാബില്ലാതെ ക്ലാസ് കയറാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥികള്‍ നിരസിച്ചു. അതിനാല്‍ അവരെ തിരിച്ചയച്ചു. നാളെ ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കാനാണ് അവരോട് പറഞ്ഞത്- വൈസ് പ്രിന്‍സിപ്പല്‍ ഉഷ ദേവി പറഞ്ഞു. നേരത്തെ ഹിജാബിട്ട് വിദ്യാര്‍ത്ഥിനികള്‍ കോളെജില്‍ വന്നിരുന്നല്ലോ എന്ന ചോദ്യത്തിന് അന്ന് പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെ എന്നായിരുന്നു ഇവരുടെ മറുപടി.
വിജയപുര ജില്ലയിലെ ശാന്തേശ്വര പിയു കോളെജിലും ജിആര്‍ബി കോളെജിലും നിരവധി വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് ഹിജാബിട്ട സഹപാഠികള്‍ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി. ഇതോടെ കോളെജ് അധികൃതര്‍ അവധി പ്രഖ്യാപിച്ചു. നാളെ ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്.
ഹിജാബ് ധരിച്ച മുസ്ലിം വിദ്യാര്‍ത്ഥിനികളെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിനെതിരെ പ്രതിഷേധം കനത്ത ഉഡുപ്പിയിലെ കുണ്ടാപൂര്‍ സര്‍ക്കാര്‍ ജൂനിയര്‍ പ്രീ യൂനിവേഴ്‌സിറ്റി കോളെജ് അധികൃതര്‍ ഹിജാബിട്ട വിദ്യാര്‍ത്ഥിനികളെ പ്രത്യേകം മുറികളിലിരുത്തി. ഇവര്‍ക്ക് ക്ലാസ് നല്‍കിയില്ല. കാമ്പസിലേക്ക് പ്രവേശനം തടഞ്ഞതിനെ തുടര്‍ന്ന് കവാടത്തില്‍ വിദ്യാര്‍ത്ഥിനികള്‍ ദിവസങ്ങളായി പ്രതിഷേധിച്ചു വരികയായിരുന്നു. ഗേറ്റിനു പുറത്ത് ആള്‍ക്കൂട്ടം ഒഴിവാക്കാനാണ് ഇവരെ അകത്തേക്ക് പ്രവേശിപ്പിച്ചതെന്ന് കോളെജ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ പ്രത്യേക മുറിയിലിരുത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് ക്ലാസില്‍ പ്രവേശനം നല്‍കിയില്ല. ഇരുത്തിയ മുറിയില്‍ ക്ലാസും നല്‍കിയില്ല. ഹിജാബ് ധരിച്ചുകൊണ്ട് ക്ലാസ് മുറിയില്‍ പ്രവേശനം അനുവദിക്കില്ലെന്ന നിലപാട് പ്രിസന്‍സിപ്പല്‍ രാമകൃഷ്ണ ജി ജെ ആവര്‍ത്തിച്ചു.
ഹിജാബ് വിലക്കിനെതിരെ ഉഡുപ്പിയിലെ പ്രീ യുനിവേഴ്‌സിറ്റി കോളെജിലെ അഞ്ച് വിദ്യാര്‍ത്ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഹിജാബ് വിരുദ്ധ നീക്കം കഴിഞ്ഞ മാസം ഈ കോളെജില്‍ നിന്നാണ് ആരംഭിച്ചത്. ഇതിനെതിരെ ആറു വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചതോടെയാണ് വിഷയം ദേശീയ ശ്രദ്ധയിലെത്തുന്നത്. ഉഡുപ്പിയിലേയും ചിക്കമംഗളുരുവിലേയും ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ച് കോളെജില്‍ വരുന്നതിനെതിരെ ആസൂത്രിത പ്രതിഷേധം നടത്തി വരികയാണ്.
ബിജെപിയും ആര്‍എസ്എസും സംസ്ഥാനത്ത് വര്‍ഗീയത കലഹം ഇളക്കിവിടുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചതോടെ വിഷയം രാഷ്ട്രീയ ചര്‍ച്ചയുമായി. ഈ വിവാദങ്ങള്‍ക്കിടെ ബിജെപി സര്‍ക്കാര്‍ പൊതു സമാധാനത്തിനും തുല്യതയ്ക്കും വിലങ്ങാകുന്ന വസ്ത്രങ്ങളെ നിരോധിച്ച് കൊണ്ട് ഉത്തരവിടുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീലും പ്രഖ്യാപിച്ചിരുന്നു.
എല്ലാവര്‍ക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാനും അതനുസരിച്ച് വസ്ത്രം ധരിക്കാനും ഭരണഘടന സ്വാതന്ത്യം നല്‍കുന്നുണ്ട്. ഹിജാബ് ധരിക്കുന്നത് തടയുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധാരാമയ്യ പ്രതികരിച്ചിരുന്നു.