തിരുവനന്തപുരം-ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിനു പിന്നില്‍ ഒത്തുതീര്‍പ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാല്‍ അനുമതി ലഭിക്കില്ലെന്ന് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഉറപ്പുണ്ട്. അതിനാലാണ് ഇപ്പോള്‍ ഒപ്പ് വയ്ക്കാനുള്ള തീരുമാനത്തിലെത്തിയതെന്ന് സതീശന് പറഞ്ഞു.
മുഖ്യമന്ത്രി വിദേശത്ത് നിന്ന് വരാന്‍ കാത്തിരിക്കുകയായിരുന്നു ഗവര്‍ണര്‍. മുഖ്യമന്ത്രി നേരിട്ട് വന്ന് സംസാരിച്ചതിന് ശേഷമാണ് ഒപ്പുവെച്ചത്. ഇവര്‍ തമ്മില്‍ ഒത്തുതീര്‍പ്പ് നടത്തുന്നതിനായി ഇടയില്‍ നില്ക്കാന് ആളുകളുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഇടതുപക്ഷത്തിന്റെ അഴിമതി വിരുദ്ധ മുഖത്തിനെതിരെ തുറിച്ചു നോക്കുന്നതാണ് ഈ ഓര്‍ഡിനന്‍സെന്ന് കാനം രാജേന്ദ്രന് വ്യക്തമാക്കിയിരുന്നു. നിയമസഭയെ നോക്കു കുത്തിയാക്കിയിട്ടാണ് മുഖ്യമന്ത്രിയും ഗവര്‍ണറും കൂടി ഓര്‍ഡിനന്‍സില്‍ ഒപ്പ് വെച്ചിരിക്കുന്നത്.
കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തി എന്ന് തുറന്ന് പറഞ്ഞ ഗവര്‍ണര്‍ സ്വയം തെറ്റുതിരുത്താന്‍ ശ്രമിച്ചില്ല. സര്‍ക്കാരിന്റെ നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് കുടപിടിച്ചു നല്‍കുകയാണ് ചെയ്തത്. ഈ ഓര്‍ഡിനന്‍സ് റദ്ദാക്കുന്നതിനുള്ള നിയമപരമായുള്ള വഴികള്‍ പ്രതിപക്ഷം തേടുമെന്നും സതീശന് പറഞ്ഞു.