മുംബൈ- ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ കൈകള്‍ ഉയര്‍ത്തി ദുആ ചെയ്തതും ഊതിയതും വിവാദമാക്കി ഒരു വിഭാഗം. ഷാരൂഖ് ഖാന്‍ മൃതദേഹത്തില്‍ തുപ്പിയെന്നാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടന്നത്.
ഭാര്യ ഗൗരി ഖാനോടൊപ്പമാണ് ഷാരൂഖ് ശിവാജി പാര്‍ക്കിലെത്തി ലതാ മങ്കേഷ്‌കര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാന്‍, ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുടങ്ങി അനേകം പ്രമുഖര്‍ ഇന്ത്യയുടെ വാനമ്പാടിക്ക് വിടചൊല്ലാന്‍ എത്തിയിരുന്നു.
ദുആ ചെയ്ത ശേഷം ഷാരൂഖ് ഖാന്‍ ചെയ്തതാണ് നിരവധി പേര്‍ വിവാദമാക്കിയത്. അതേസമയം, ഷാരൂഖ് ഖാന്‍ ദുആ ചെയ്ത ശേഷം ഊതുകയാണ് ചെയ്തതെന്ന് സമൂഹ മാധ്യമങ്ങളില്‍ തന്നെ ധാരാളം പേര്‍ മറുപടി നല്‍കി. ആയിരങ്ങള്‍ പങ്കെടുത്ത വേദിയില്‍ രാജ്യം മുഴുവന്‍ ആദരിക്കുന്ന ഒരു വ്യക്തിയുടെ മൃതദേഹത്തില്‍ ഒരാള്‍ അങ്ങനെ ചെയ്യുമോ എന്നു പോലും ആലോചിക്കാതെയാണ് ഒരു വിഭാഗം ഷാരൂഖ് ഖാന്‍ മൃതദേഹത്തില്‍ തുപ്പി എന്നു പ്രചരിപ്പിച്ചത്.