Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ത്രിപുരയിൽ ഇടതുപക്ഷത്തെ പിന്തുണച്ചവർ പോലും ബി.ജെ.പിക്ക് വോട്ട് ചെയ്‌തെന്ന് സർവെ

അഗർത്തല- ത്രിപുരയിൽ വോട്ടർമാർ വെറും ഭരണമാറ്റമല്ല, ഒരു പരിവർത്തനം തന്നെ ആഗ്രഹിച്ചിരുന്നുവെന്ന് സർവെ. സി.പി.എം നേതൃത്വത്തിലുള്ള ഇടതു മുന്നണി സർക്കാരിനെ എതിർത്ത ആദിവാസി വിഭാഗങ്ങളും മറ്റുള്ളവരും കോൺഗ്രസിനും ഇൻഡിജിനസ് നാഷണലിസ്റ്റ് പാർട്ടി ഓഫ് ത്വിപ്ര (ഐഎൻപിടി) എന്നീ ബദലുകളെ പൂർണമായും തളളി ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യത്തെ പിന്തുണയ്ക്കുകയായിരുന്നു. സെന്റർ ഫോർ ദ് സ്റ്റഡി ഓഫ് ഡെവലെപിങ് സൊസൈറ്റീസ് (സി.എസ്.ഡി.എസ്) ലോക്‌നീതിയുമായി ചേർന്ന് നടത്തിയ സർവേ വോട്ടർമാർ എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഇടതു പക്ഷത്തെ പൂർണമായും കൈയൊഴിഞ്ഞത് എന്ന് വ്യക്തമാക്കുന്നതാണ്. 

സർവേയിൽ പങ്കെടുത്ത 38 ശതമാനം പേരും ഇടതു വിരുദ്ധരായാണ് സ്വയം പരിചയപ്പെടുത്തിയത്. ഇവരിൽ പത്തിൽ ഒമ്പതു പേരും (89 ശതമാനം) ബിജെപി-ഐപിഎഫ്ടി സഖ്യത്തിന് വോട്ടു ചെയ്യുകയും ചെയ്തു. സംസ്ഥാനത്തുടനീളം രണ്ടായിരത്തോളം വോട്ടർമാരെ നേരിട്ടു കണ്ടാണ് സർവേ നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ കോൺഗ്രസ് വോട്ടർമാരിൽ 83 ശതമാനവും ബി.ജെ.പി സഖ്യത്തിന് വോട്ടു ചെയ്തു എന്ന് സർവെ വ്യക്തമാക്കുന്നു. ഓരോ അഞ്ച് പരമ്പാരാഗത കോൺഗ്രസ് വോട്ടർമാരിൽ നാലു പേരുടെ വോട്ടും ബി.ജെ.പിക്കായിരുന്നു. അതേസമയം പരമ്പരാഗത ഇടതു വോട്ടർമാരിൽ 21 ശതമാനവും ഇത്തവണ ബി.ജെ.പിയെ പിന്തുണച്ചിട്ടുണ്ട്.

സി.പി.എം സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന കാര്യത്തിൽ സിപിഎമ്മിന് വോട്ട് ചെയ്തവർ ഉൾപ്പെടെ വോട്ടർമാരെല്ലാം ഏതാണ്ട് പൂർണമായും ഏകാഭിപ്രായക്കാരായിരുന്നുവെന്നും സർവെ പറയുന്നു. സർവേയിൽ പങ്കെടുത്ത പത്തിൽ ഒമ്പത് പേരും ഈ അഭിപ്രായക്കാരായിരുന്നു. ഈ ശക്തമായ ഭരണവിരുദ്ധ വികാരം ബി.ജെ.പി-ഐ.പി.എഫ്.ടി അനുകൂല വോട്ടുകളെ ഏകോപിപ്പിച്ചുവെന്ന് കരുതാം. മാണിക് സർക്കാർ ഭരണം തുടരണമെന്ന് ആഗ്രഹിച്ചത് മൂന്നിലൊന്ന് വോട്ടർമാർ മാത്രമാണ്. 45 ശതമാനം പേരും ഇടതു സർക്കാർ പുറത്താകണമെന്നും ആഗ്രഹിച്ചു. 

ഇടതു മുന്നണി ഭരത്തിൽ 24 ശതമാനം വോട്ടർമാർക്കു മാത്രമാണ് പൂർണ സംതൃപ്തി ഉണ്ടായിരുന്നത്്. 32 ശതമാനം പേർ അതൃപതരായിരുന്നു. 25 വർഷത്തെ ഇടതു ഭരണത്തിന്റെ അവസാന അഞ്ചു വർഷം സർക്കാർ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവച്ചു എന്ന് വോട്ടർമാർ അഭിപ്രായപ്പെട്ടെങ്കിലും വ്യവസായ രംഗത്തും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും പുരോഗതി കൈവരിച്ചില്ലെന്നും വിലയിരുത്തപ്പെട്ടു. 25 ശതമാനം വോട്ടർമാരും വോട്ടു ചെയ്തത് വികസനം എന്ന വിഷയം മാത്രം മുൻനിർത്തിയാണ്. 13 ശതമാനം പേർ മാറ്റത്തിനു വോട്ടു ചെയ്തു. അഞ്ചു ശതമാനം തൊഴിലില്ലായ്മ വർധിക്കുന്നതിനെതിരെയും വോട്ടു ചെയ്തു.

ബിജെപിയുടെ വൻ സന്നാഹത്തോടെയുള്ള പ്രചാരണം ശരിക്കും വോട്ടർമാരെ സ്വാധീനിച്ചുവെന്ന് സർവെ വ്യക്തമാക്കുന്നു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ജനപ്രീതി ത്രിപുരയിൽ കുത്തനെ ഉയർന്നു. 41 ശതമാനം പേരും ആർക്കു വോട്ടു ചെയ്യണമെന്ന് തീരുമാനിച്ചത് പ്രചാരണങ്ങൾ ചൂടുപിടിച്ചതോടെയാണ്. ഇവരിൽ മൂന്നിൽ രണ്ടു പേരും ബിജെപിക്ക് വോട്ടു ചെയ്തു. പ്രചാരണങ്ങൾ തുടങ്ങുന്നതിനു മുമ്പു തന്നെ ആർക്കു വോട്ടു ചെയ്യണമെന്ന് തീരുമാനിച്ച 55 പേരിൽ ഭൂരിപക്ഷവും ഇടതു മുന്നണിക്കാണ് വോട്ടു ചെയ്തത്. 

ത്രിപുര വിഭജിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന ഐ.പി.എഫ്.ടിയുമായുള്ള ബിജെപിയുടെ സഖ്യവും ഇടതു പരാജയത്തിന് ആക്കം കൂട്ടി. 19 ആദിവാസി സംവരണ സീറ്റുകളിൽ 17 ഇടത്തും ഈ സഖ്യത്തിന് ജയിക്കാൻ കഴിഞ്ഞു. പരമ്പരാഗതമായി ഇടതിനു വോട്ടു ചെയ്തിരുന്ന 54 ശതമാനം ആദിവാസി വോട്ടർമാരും ഇത്തവണ ചുവടു മാറി. 36 ശതമാനം ആദിവാസികളുടെ പിന്തുണ മാത്രമാണ് ഇടതിന് ലഭിച്ചത്.

18നും 45നും ഇടയിൽ പ്രായമുള്ള യുവ വോട്ടർമാരിൽ 55 ശതമാനത്തോളം പേരും ബി.ജെ.പി സഖ്യത്തെ പിന്തുണച്ചു. പ്രായമായവരുടെ വോട്ടിൽ 45 ശതമാനം ഈ സഖ്യം പിടിച്ചു.
 

Latest News