ദുബായ്- വിദേശികളുടെ കുടുംബ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന പുതിയ വിവാഹ, വിവാഹ മോചന നിയമം അബുദാബി അംഗീകരിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു.
വിവാഹ മോചനം, കുട്ടികളുടെ സംയുക്ത കസ്റ്റഡി, വിവാഹ മോചനത്തെ തുടര്‍ന്നുള്ള സാമ്പത്തിക അവകാശ തര്‍ക്കങ്ങള്‍, ദത്തെടുക്കല്‍ തുടങ്ങിയവയില്‍ പുതിയ ചട്ടങ്ങള്‍ ഉള്‍പ്പെടുന്നതാണ് നിയമം.
പുതിയ നിയമം നടപ്പിലാക്കുന്നതിന് ഉപപ്രധാനമന്ത്രിയും അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ് യാന്‍ അംഗീകാരം നല്‍കി.
യുവതിക്ക് വിവാഹിതയാകന്‍ കുടുംബത്തിന്റെ അനുമതി ആവശ്യമില്ല. പുരുഷനും സ്ത്രീയും തീരുമാനിച്ചാല്‍ വിവാഹിതരാകാം. വിവാഹ മോചനം നേടാന്‍ ദമ്പതികളിലാരെങ്കിലും പീഡിപ്പിച്ചതായി തെളിയിക്കണമെന്നില്ല. ആദ്യ വാദം കേള്‍ക്കലില്‍തന്നെ ദമ്പതികള്‍ക്ക് വിവാഹ മോചനം നേടാം. കുടുംബ മാര്‍ഗനിര്‍ദേശ വിഭാഗത്തെ സമീപിക്കുകയോ നിര്‍ബന്ധിത അനുരഞ്ജന സെഷനുകളില്‍ പങ്കെടുക്കുകയോ വേണ്ടതില്ല.