മുംബൈ- ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കര്‍ അന്തരിച്ചു. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡും ന്യൂമോണിയയും ഭേദമായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ആരോഗ്യ നില ഗുരതുതരമായി വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 92 വയസ്സായിരുന്നു.
ഭാരതരത്‌നം, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ലീജിയന്‍ ഓഫ് ഓണര്‍ തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചു ലത മങ്കേഷ്‌കര്‍ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നുവട്ടം നേടിയിരുന്നു. 35 ലേറെ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000ത്തിലേറെ ഗാനങ്ങള്‍ ആലപിച്ചു.
1929 സെപ്റ്റംബര്‍ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ജനിച്ചത്. സംഗീത സംവിധായകന്‍ ഹൃദയനാഥ് മങ്കേഷ്‌കര്‍, ഗായികകയും സംഗീതസംവിധായികയുമായ മീന ഖാദികര്‍, ഗായിക ഉഷാ മങ്കേഷ്‌കര്‍, ഗായിക ആഷാ ഭോസ്ലേ എന്നിവര്‍ സഹോദരങ്ങളാണ്.
ആദ്യം മാതാപിതാക്കളിട്ട പേര് ഹേമ എന്നായിരുന്നു. ദീനനാഥിന്റെ ഒരു നാടകത്തിലെ കഥാപാത്രത്തിന്റെ ഓര്‍മയ്ക്ക് പിന്നീട് ലത എന്നു പേരു മാറ്റുകയായിരുന്നു. 1942 ൽ പതിമൂന്നാം വയസ്സിലാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നത്.
മലയാളത്തിലെ ഹിറ്റ് ഗാനങ്ങളിലൊന്നായ കദളീ ചെങ്കദളീ എന്ന ഗാനം ലത പാടിയതാണ്. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലിലുള്ളതാണ് ഈഗാനം. സലില്‍ ചൗധരിയായിരുന്നു സംഗീതസംവിധാനം. മലയാളത്തില്‍ ലത പാടിയ ഏക ഗാനം ഇതാണ്.
മന്നാ ഡേ, കിഷോര്‍ കുമാര്‍, മുഹമ്മദ് റഫി, മുകേഷ് തുടങ്ങിയവര്‍ക്കൊപ്പം ലത പാടിയ പല ഗാനങ്ങളും അവിസ്മരണീയമാണ്. 1962 ല്‍ ഇന്ത്യാ-ചൈന യുദ്ധകാലത്ത് ലത ആലപിച്ച യേ മേരെ വതന്‍ കെ ലോഗോം എന്ന ദേശഭക്തിഗാനം ഏറെ പ്രശസ്തമാണ്.
ഏതാനും ഗാനങ്ങള്‍ക്കു സംഗീതസംവിധാനം നിര്‍വഹിച്ച ലത മങ്കേഷ്‌കര്‍ നാലു ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുമുണ്ട്.