ഇംഫാല്‍- മേഘാലയ മുഖ്യമന്ത്രിയും നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നേതാവുമായ കോണ്‍റാഡ് സാങ്മ എന്‍പിപി സഖ്യകക്ഷിയായ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പു പ്രചാരണവുമായി മണിപ്പൂരില്‍. ഈ മാസം 27ന് വോട്ടെടുപ്പ് ആരംഭിക്കുന്ന മണിപ്പൂരില്‍ ബിജെപി മുന്നണിക്കെതിരെ നാലു ദിവസ പ്രചാരണത്തിനാണ് സാങ്മ എത്തിയത്. 2017ല്‍ ഒമ്പത് സീറ്റില്‍ മത്സരിച്ച എന്‍പിപി നാലു സീറ്റില്‍ ജയിച്ച് നിര്‍ണായക ശക്തിയായിരുന്നു. എന്‍പിപിയുടെ പിന്തുണയില്ലാതെ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഇത്തവണ സംസ്ഥാനത്തെ 60 സീറ്റില്‍ 42 ഇടത്തും എന്‍പിപി മത്സരിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥികളില്‍ 19 പേരും സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ബിജെപി വിട്ട് എന്‍പിപിയിലേക്ക് ചേക്കേറിയവരാണ്. ബിജെപി സഖ്യ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായ യുംനാം ജോയ് കുമാര്‍ സിങും പ്രചരണ റാലികളിലുടനീളം ബിജെപിക്കെതിരെ വിമര്‍ശനങ്ങളുന്നയിക്കുന്നുണ്ട്.
എന്‍പിപി ഒരു ഭീഷണി അല്ലെന്നാണ് ബിെജപിയുടെ നിലപാട്. മണിപ്പൂരില്‍ ബിജെപിക്ക് ബദലാകുമെന്ന പകല്‍സ്വപ്‌നം കാണുകയാണ് എന്‍പിപി. ഈ തെരഞ്ഞെടുപ്പിനു ശേഷം എന്‍പിപിയുടെ പൊടിപോലും മണിപ്പൂരില്‍ ബാക്കിയാകില്ല. ഇവിടെ അവര്‍ക്ക് സംഘടനാ അടിത്തറയില്ല, തെരഞ്ഞെടുപ്പിന് മാത്രം വന്നവരാണ്- മണിപ്പൂര്‍ ബിജെപി ഉപാധ്യക്ഷന്‍ ചിതാനന്ദ സിങ് പറഞ്ഞു. മണിപ്പൂരില്‍ 60 സീറ്റിലും ബിജെപി മത്സരിക്കുന്നുണ്ട്. ഇവര്‍ പത്തോളം പേര്‍ മുന്‍ കോണ്‍ഗ്രസ് നേതാക്കളാണ്. 16 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്.