അഗർത്തല- ത്രിപുര വിഭജിക്കണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച ഐ.പി.എഫ്.ടി സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രി ആദിവാസി വിഭാഗത്തിൽ നിന്നായിരിക്കണമെന്ന ആവശ്യവുമായി രംഗത്ത്. ഐ.പി.എഫ്.ടിയുടെ സഹായത്തോടെയാണ് ബി.ജെ.പി സി.പി.എമ്മിനെ തറപ്പറ്റിച്ച് ത്രിപുര പിടിച്ചടക്കിയത്. മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബിപ്ലബ് ദേബ് തന്റെ മണ്ഡലത്തിൽ വിജയാഹ്ലാദ റോഡ് ഷോ നടത്തുന്നതിനിടെയാണ് ഐ.പി.എഫ്.ടി അധ്യക്ഷൻ എൻ സി ദെബ്ബർമ പുതിയ മുഖ്യമന്ത്രി ആദിവാസി ആയിരിക്കണമെന്ന് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടത്.
ആദിവാസികളുടെ വോട്ടില്ലാതെ ബി.ജെ.പിക്കും ഐ.പി.എഫ്.ടിക്കും ഈ മിന്നുന്ന ജയം നേടാനാകുമായിരുന്നില്ല. ആദിവാസികളുടെ സംവരണ മണ്ഡലങ്ങളിൽ ജയിക്കാനായതു കൊണ്ടാണ് നമുക്ക് ഭൂരിപക്ഷം ലഭിച്ചത്. ആദിവാസിവാസി വോട്ടർമാരുടെ വികാരം മാനിച്ച് ഈ മണ്ഡലങ്ങളിൽനിന്ന് ജയിച്ചു വന്ന ഏതെങ്കിലും ഒരു സ്ഥാനാർത്ഥിയെ സഭാ നേതാവാക്കണമെന്നത് ന്യായമായ ആവശ്യമണ്. സഭയിൽ നേതാവാകുന്ന ആൾ സ്വാഭാവികമായും മുഖ്യമന്ത്രി ആകുമെന്നും ദെബ്ബർമ പറഞ്ഞു.
ബിപ്ലബ് ദേബ് മുഖ്യമന്ത്രിയാകുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി വിഭാഗത്തിൽ മുഖ്യമന്ത്രി ആരാകണം എന്നതു സംബന്ധിച്ച് പേരുകളൊന്നും പറയുന്നില്ലെന്നും അത് ചർച്ചയിലൂടെ തീരുമാനിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ദെബ്ബർമയുടെ പ്രസ്താവനയെ കുറിച്ച് അറിയില്ലെന്ന് ത്രിപുര ബിജെപി ചുമതലയുളള ദേശീയ നേതാവ് സുനിൽ ദിയോദർ പറഞ്ഞു. ഐപിഎഫ്ടിയുടെ ആവശ്യത്തിൽ ആശ്ചര്യമൊന്നുമില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടനീളം ബിജെപിയും ഐപിഎഫ്ടിയും തമ്മിലുള്ള വൈരുധ്യങ്ങൾ പ്രകടമായിരുന്നെന്നും സിപിഎം, കോൺഗ്രസ് നോതാക്കൾ പറയുന്നു.