കൊഹിമ- ത്രിപുരയിലും മേഘാലയയിലും ബി.ജെ.പി ഉൾപ്പെടുന്ന സർക്കാരിനു വഴി തെളിഞ്ഞെങ്കിലും നാഗാലാൻഡിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. ബിജെപി സഖ്യകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി)യുടെ നേതൃത്തിൽ സർക്കാർ ഉണ്ടാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഭരണ കക്ഷിയായ എൻപിഎഫ് മുഖ്യമന്ത്രി ടി ആർ സെലിയാങ് രാജിവയ്ക്കില്ലെന്ന നിലപാടിലാണ്. 18 സീറ്റ് ലഭിച്ച എൻഡിപിപി നേതാവ് മുൻ മുഖ്യമന്ത്രിയുമായ നെയ്ഫിയു റയോ സർക്കാർ രൂപീകരിക്കാൻ അവകാശം ഉന്നയിച്ച് ഞായറാഴ്ച വൈകുന്നേരം ഗവർണർ പി ബി ആചാര്യയെ കണ്ടിരുന്നു. തൊട്ടുപിറകെ മുഖ്യമന്ത്രി സെലിയാങും ഗവർണറെ കണ്ടു. ഭൂരിപക്ഷം തെളിയിക്കാൻ ഇരു സഖ്യത്തിനും ഗവർണർ 48 മണിക്കൂർ സമയം നൽകിയിരിക്കുകയാണ്.
26 സീറ്റ് ലഭിച്ച സെലിയാങിന്റെ എൻപിഎഫ് ആണ് സഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷി. അടുത്ത കാലം വരെ തങ്ങളുടെ സഖ്യത്തിലായിരുന്ന ബിജെപിയുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സെലിയാങ് രാജിവയ്ക്കാത്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ 18 സീറ്റുകൾ നേടിയ എൻഡിപിപിയുമായി ബിജെപി നേരത്തെ തന്നെ സഖ്യമുണ്ടാക്കിയിരുന്നു. ബിജെപിക്ക് 12 സീറ്റുകളാണുളളത്. കൂടാതെ ജെഡിയുവിന്റെ ഏക എംഎൽഎയുടേയും ഒരു സ്വതന്ത്ര എംഎൽഎയുടേയും പിന്തുണ ഈ സഖ്യത്തിനുണ്ട്.
മണിപ്പൂരിൽ ബിജെപിക്ക് കൂടി പങ്കുള്ള സർക്കാരിന്റെ ഭാഗമാണ് എൻപിഎഫ്. അവിടെ എംപിഎഫിന് നാല് എംഎൽഎമാരുണ്ട്. നാഗാലാൻഡിലും സഖ്യസർക്കാരുണ്ടാക്കാൻ ബിജെപി തയാറാകണമെന്നാണ് എൻപിഎഫിന്റെ ആവശ്യം. എൻപിഎഫും ബിജെപിയും മാത്രം ഒരുമിച്ചാൽ തന്നെ 38 സീറ്റുകൾ ലഭിക്കും. വ്യക്തമായ ഭൂരിപക്ഷത്തോടെ സുസ്ഥിര സർക്കാരുണ്ടാക്കാൻ ഇതു സഹായിക്കും,' എൻപിഎഫ് നേതാവ് സെബാസ്റ്റ്യൻ സുംവു പറഞ്ഞു. സെലിയാങും സുംവും ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിക്കുമെന്നറിയുന്നു.
15 വർഷമായി നാഗാലാൻഡിൽ ഭരണത്തിന് നേതൃത്വം നൽകുന്ന എൻപിഎഫുമായി നേരത്തെ തന്നെ ബിജെപിക്ക് സഖ്യമുണ്ട്. മൂന്ന് തവണ മുഖ്യമന്ത്രിയായ നെയ്ഫിയു റയോ പാർട്ടി വിട്ട് എൻഡിപിപി രൂപീകരിച്ച ശേഷം തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സീറ്റ് പങ്കിടുകയായിരുന്നു. എൻഡിപിപിയുമായി ബന്ധമുണ്ടെങ്കിലും എൻപിഎഫുമായുള്ള ബന്ധവും തുടരുമെന്ന് നേരത്തെ ബിജെപി വ്യക്തമാക്കിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിനു മുമ്പുണ്ടാക്കിയ രഹസ്യ തീരുമാനത്തിന്റെ ഭാഗമായാണ് ബിജെപി ഇപ്പോൾ സർക്കാർ രൂപീകരിക്കാൻ എൻഡിപിപിയെ പിന്തുണക്കുന്നത്. രണ്ടിൽ ഏതു പാർട്ടിയെ പിന്തുണച്ചാലും ബിജെപിക്ക് സർക്കാരിന്റെ ഭാഗമാകാൻ കഴിയും.