ന്യൂദല്‍ഹി- നന്ദിപ്രമേയ ചര്‍ച്ചയിലെ തന്റെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ലോക്‌സഭാ സ്പീക്കറെക്കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ പ്രതിപക്ഷമടക്കം തൃണമൂല്‍ എം.പി മഹുവ മൊയ്ത്രയെ വിമര്‍ശിച്ചു. ്
എന്നാല്‍ ഇതില്‍ കാര്യമില്ലെന്ന് അവര്‍ പറഞ്ഞു. പാര്‍ലമെന്ററി സംവിധാനത്തിന്റെ പ്രോട്ടോക്കോള്‍ പ്രകാരം പ്രതിപക്ഷ നേതാക്കള്‍ സ്പീക്കറുമായി യോജിക്കാന്‍ ബാധ്യസ്ഥരാണെന്ന് അവര്‍ പറഞ്ഞു. അതിന്റെ അര്‍ഥം പ്രതിപക്ഷമൊന്നടങ്കം സ്പീക്കറുടെ പിന്നില്‍ അണിനിരന്നു എന്നല്ല.
വ്യാഴാഴ്ച ലോക്സഭയില്‍ മഹുവ മൊയ്ത്ര നടത്തിയ പ്രതിഷേധത്തെ സ്പീക്കര്‍ ഓം ബിര്‍ള ശക്തമായി അപലപിച്ചിരുന്നു. വെള്ളിയാഴ്ച ഇതിനെ 'നിര്‍ഭാഗ്യകരം' എന്ന് സഭ വിശേഷിപ്പിച്ചു, 'ചെയറിന്റെ അന്തസ്സ് സംരക്ഷിക്കപ്പെടണമെന്ന് അംഗങ്ങള്‍ പറഞ്ഞു. സഭയുടെയും ചെയറിന്റേയും അന്തസ്സ് സഭയ്ക്കകത്തും പുറത്തും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് നിയമനിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തണമെന്ന് വെള്ളിയാഴ്ച ലോക്സഭയില്‍ ബിര്‍ള പറഞ്ഞു.
'ഇത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. നിങ്ങള്‍ എല്ലാവരും ഇത് അംഗീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ നടന്ന സംഭവങ്ങള്‍ ഞാന്‍ ഗൗരവമായി എടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഉപയോഗിച്ച് സഭക്ക് പുറത്ത് ചെയറിനെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് എല്ലാ അംഗങ്ങളോടും അഭ്യര്‍ഥിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു-മൊയ്ത്രയെ പേരെടുത്ത് പറയാതെ ബിര്‍ള ലോക്‌സഭയില്‍ പ്രസ്താവനയില്‍ പറഞ്ഞു.
ടി.എം.സി ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളിലെയും നേതാക്കളും സ്പീക്കര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു. സഭയുടെ തത്വങ്ങളിലും ആശയങ്ങളിലും തത്ത്വചിന്തയിലും നാം പ്രതിജ്ഞാബദ്ധരായിരിക്കേണ്ടതാണെന്ന് തൃണമൂല്‍ എം.പി സുദീപ് ബന്ദോപാധ്യായ പറഞ്ഞു.