Sorry, you need to enable JavaScript to visit this website.

സൗദി കിരീടാവകാശിക്ക് കയ്‌റോയിൽ രാജോചിത സ്വീകരണം

സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസി കയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിക്കുന്നു. 

കയ്‌റോ - സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഈജിപ്ത് തലസ്ഥാനമായ കയ്‌റോയിൽ രാജോചിത സ്വീകരണം. ഈജിപ്ഷ്യൻ വ്യോമ മേഖലയിൽ പ്രവേശിച്ചതു മുതൽ കയ്‌റോ എയർപോർട്ടിൽ ഇറങ്ങുന്നതു വരെ കിരീടാവകാശിയെ സ്വാഗതം ചെയ്ത് ഈജിപ്ഷ്യൻ യുദ്ധവിമാനങ്ങൾ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ വിമാനത്തിന് അകമ്പടി സേവിച്ചു. നൈലിന്റെ മണ്ണിലേക്ക് വിമാനമിറങ്ങിയ കിരീടാവകാശിയെ പ്രോട്ടോകോൾ ലംഘിച്ച് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി വിമാനത്തിന്റെ ഗോവണിപ്പടിയിൽ സ്വീകരിച്ചത് കിരീടാവകാശിയുടെ ഈജിപ്ഷ്യൻ സന്ദർശനത്തിന്റെ പ്രാധാന്യവും സൗദി-ഈജിപ്ത് ബന്ധത്തിന്റെ ആഴവും വ്യക്തമാക്കുന്നതായി. 
ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് സ്വാലിഹ് ആലുശൈഖ്, സഹമന്ത്രി ഡോ. ഉസാം ബിൻ സഈദ്, വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി, വിദേശ മന്ത്രി ആദിൽ അൽജുബൈർ, പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ അബ്ദുറഹ്മാൻ അൽഫദ്‌ലി, ജനറൽ ഇന്റലിജൻസ് മേധാവി ഖാലിദ് അൽഹുമൈദാൻ, ആഫ്രിക്കൻ കാര്യങ്ങൾക്കുള്ള സഹമന്ത്രി അഹ്മദ് ഖത്താൻ, സംയുക്ത സേനാ മേധാവി ജനറൽ ഫയാദ് അൽറുവൈലി തുടങ്ങിയവർ കിരീടാവകാശിയെ അനുഗമിക്കുന്നുണ്ട്. 
കിരീടാവകാശിയായ ശേഷമുള്ള പ്രഥമ വിദേശ സന്ദർശനത്തിന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഈജിപ്തിനെ തെരഞ്ഞെടുത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്ര ബന്ധത്തിന്റെ ആഴത്തിനും മേഖലാ പ്രശ്‌നങ്ങളിൽ സംയുക്ത ഏകോപനം തുടരുന്നതിനും തെളിവാണെന്ന് റോയൽ കോർട്ട് ഉപദേഷ്ടാവ് സൗദ് അൽഖഹ്ത്താനി പറഞ്ഞു. ഇറാൻ പ്രശ്‌നം, യെമൻ സംഘർഷം, ഭീകര വിരുദ്ധ പോരാട്ടം, ഊർജ മേഖലാ സഹകരണം എന്നിവ അടക്കമുള്ള കാര്യങ്ങൾ ഈജിപ്ഷ്യൻ പ്രസിഡന്റും കിരീടാവകാശിയും തമ്മിൽ ചർച്ച ചെയ്യുമെന്ന്  സൗദി ഗവൺമെന്റ് വൃത്തങ്ങൾ പറഞ്ഞു. 

 


കഴിഞ്ഞ വർഷം കിരീടാവകാശിയായി ചുമതലയേറ്റ ശേഷം മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തുന്ന പ്രഥമ വിദേശ സന്ദർശനമാണിത്. ഈ മാസം തന്നെ കിരീടാവകാശി ബ്രിട്ടനും അമേരിക്കയും സന്ദർശിക്കും. മാർച്ച് ഏഴിന് കിരീടാവകാശിയുടെ ബ്രിട്ടൻ സന്ദർശനവും മാർച്ച് 19 ന് അമേരിക്കൻ സന്ദർശനവും ആരംഭിക്കും. പര്യടനത്തിനിടെ കിരീടാവകാശി ഫ്രാൻസ് സന്ദർശിക്കാനും സാധ്യതയുണ്ട്. 
കിരീടാവകാശിയുടെ സന്ദർശനത്തിടെ സൗദി അറേബ്യയുമായി ആണവ സഹകരണ കരാർ ഒപ്പുവെക്കുന്നതിന് ട്രംപ് ഭരണകൂടം ശ്രമിക്കുന്നുണ്ട്. സൗദിയിൽ രണ്ടു ആണവ റിയാക്ടറുകൾ നിർമിക്കുന്നതിനുള്ള കരാർ ഈ വർഷം നൽകുമെന്നാണ് കരുതുന്നത്. ഏതാനും വർഷങ്ങൾക്കുള്ളിൽ ആകെ 16 ആണവ റിയാക്ടറുകൾ നിർമിക്കുന്നതിന് സൗദി അറേബ്യക്ക് പദ്ധതിയുണ്ട്. ആണവ റിയാക്ടർ നിർമാണത്തിനാവശ്യമായ സാങ്കേതിക വിദ്യക്കായി  സൗദി അറേബ്യ അമേരിക്കയുമായി ചർച്ചകൾ നടത്തിവരികയാണ്. 
സൗദിയിൽ റിയാക്ടർ നിർമാണ കരാറുകൾ നേടിയെടുക്കുന്നതിന് അമേരിക്ക, റഷ്യ, ഫ്രാൻസ്, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ ശ്രമിക്കുന്നുണ്ട്. സൗദി അറാംകോയുടെ ഓഹരി വിൽപനയുമായി ബന്ധപ്പെട്ട കാര്യങ്ങളും അമേരിക്കൻ സന്ദർശനത്തിനിടെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഡൊണാൾഡ് ട്രംപും വിശകലനം ചെയ്യുമെന്നാണ് കരുതുന്നത്. 



 

Latest News