Sorry, you need to enable JavaScript to visit this website.

ഇസെഡ് കാറ്റഗറി സുരക്ഷ വേണ്ടെന്ന് ഉവൈസി; 'വെടിവച്ച പ്രതിക്കെതിരെ എന്തുകൊണ്ട് യുഎപിഎ ഇല്ല?'

ന്യൂദല്‍ഹി- യുപിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യാത്രയ്ക്കിടെ വെടിവപ്പുണ്ടായ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഇസെഡ് കാറ്റഗറി സുരക്ഷ തനിക്കു വേണ്ടെന്ന് ഓള്‍ ഇന്ത്യ മജ്‌സിലെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി എംപി. ബിജെപി സര്‍ക്കാരുകള്‍ യഥേഷ്ടം എടുത്തു പ്രയോഗിക്കുന്ന ഭീകര വിരുദ്ധ നിയമമായ യുഎപിഎ വകുപ്പുകള്‍ എന്തുകൊണ്ട് തന്നെ വെടിവച്ചയാള്‍ക്കെതിരെ ചുമത്തുന്നില്ല എന്നും ഉവൈസി ചോദിച്ചു. 

'എനിക്ക് ഇസെഡ് കാറ്റഗറി സുരക്ഷ വേണ്ട. നിങ്ങളെ എല്ലാവരേയും പോലെ ഒരു എ കാറ്റഗറി പൗരനായാല്‍ മതി. എനിക്കെതിരെ വെടിവച്ചവര്‍ക്കെതിരെ എന്തുകൊണ്ട് യുഎപിഎ ചുമത്തുന്നില്ല' അദ്ദേഹം ചോദിച്ചു. എനിക്ക് സംസാരിക്കാന്‍ വേണ്ടി ജീവിക്കണം. പാവങ്ങള്‍ സുരക്ഷിതരായിരിക്കുമ്പോഴെ എന്റെ ജീവനും സുരക്ഷിതമാകൂ. എന്റെ കാറിനു നേരെ വന്ന ആ വെടി കൊണ്ടൊന്നും എന്നെ ഭയപ്പെടുത്താനാവില്ല- ഉവൈസി പറഞ്ഞു. 

മീറത്തിലെ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വെടിവപ്പിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വിലയിരുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉവൈസിക്ക് സിപിആര്‍എഫിന്റെ ഇസെഡ് കാറ്റഗറി സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്. 

സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാളായ സചിന്‍ ഹിന്ദുത്വ തീവ്രവാദ സംഘടനയുമായി ബന്ധമുള്ള ആളാണെന്ന് സൂചനയുണ്ട്. പോലീസ് ഇക്കാര്യം പരിശോധിച്ചു വരികയാണ്. ഹിന്ദുത്വ തീവ്രവാദത്തെ അനുകൂലിക്കുന്ന ഇയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രതികളില്‍ നിന്ന് തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ഹിന്ദു വികാരം വ്രണപ്പെടുത്തിയതിനാണ് വെടിവച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായും റിപോര്‍ട്ടുണ്ട്.

Latest News