ന്യൂദല്‍ഹി- വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ 2020 ലുണ്ടായ കലാപത്തിനു രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ കാരണമായെന്ന ഹരജികളില്‍ ഈ മാസം എട്ടു മുതല്‍ ദല്‍ഹി ഹൈക്കോടതി വാദം കേട്ടു തുടങ്ങും. നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹരജികളില്‍ മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ഡിസംബര്‍ 17ന് ഉത്തരവിട്ടിരുന്നു.
ഹരജികള്‍ നേരത്തെ ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരുടെ ബെഞ്ചാണ് പരിഗണിച്ചിരുന്നത്. ഇപ്പോള്‍ കേസ് ജസ്റ്റിസുമാരായ സിദ്ദാര്‍ഥ് മൃദുല്‍, അനൂപ് ജയ്‌റാം ഭംഭാനി എന്നിവരുള്‍പ്പെട്ട ബെഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്.
വാദംകേള്‍ക്കല്‍ ഫെബ്രുവരി എട്ടിനു തുടങ്ങുമെന്ന് ജസ്റ്റിസ് മൃദുല്‍ പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തുടരുന്നതിനിടെ ചില രാഷ്ട്രീയ നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളാണ് വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ കലാപത്തിനു പ്രേരണ നല്‍കിയതെന്നാണ് ഒരു കൂട്ടം ഹരജികളില്‍ ചൂണ്ടിക്കാണിക്കുന്നത്.
അതിനിടെ, കലാപവുമായി ബന്ധപ്പെട്ട ഭൂരിഭാഗം കേസുകളിലും അന്വേഷണം പൂര്‍ത്തിയായതായി ദല്‍ഹി പോലീസിന്റെ അഭിഭാഷകന്‍ രജത് നായര്‍ പറഞ്ഞു. ചില കേസുകളില്‍ വിചരണ വളരെയധികം മുന്നോട്ടു പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.