ചണ്ഡിഗഢ്- പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ രാഹുല്‍ ഗാന്ധി ഞായറാഴ്ച പ്രഖ്യാപിക്കാനിരിക്കെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഒളിയമ്പുമായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജോത് സിങ് സിദ്ദു. പാര്‍ട്ടി ഉന്നതര്‍ക്ക് വേണ്ടത് തങ്ങളുടെ താളത്തിനൊത്ത് തുള്ളുന്ന ഒരു ദുര്‍ബല മുഖ്യമന്ത്രിയാണ് എന്നായിരുന്നു സിദ്ദുവിന്റെ പ്രതികരണം. പുതിയൊരു പഞ്ചാബ് കെട്ടിപ്പടുക്കാനുള്ള ചുമതലയാണ് മുഖ്യമന്ത്രിയുടേത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടതുണ്ട്. മുകളിലുള്ള ആളുകള്‍ക്ക് വേണ്ടത് അവരുടെ താളത്തിനൊത്ത് തുള്ളുന്ന ഒരു ദുര്‍ബല മുഖ്യമന്ത്രിയാണ്. അങ്ങനെ ഒരു മുഖ്യമന്ത്രിയാണോ വേണ്ടത്? അണികളെ അഭിസംബോധന ചെയ്യവെ സിദ്ദു ചോദിച്ചു.
മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ചന്നിയെ തന്നെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് സൂചന. ചന്നിയുമായി പോരടിക്കുന്ന സിദ്ദുവിനും മുഖ്യമന്ത്രി പദവിയില്‍ കണ്ണുണ്ട്. നേരത്തെ അമരീന്ദര്‍ സിങിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് കോണ്‍ഗ്രസ് മാറ്റിയ വേളയില്‍ സിദ്ദു ഈ പദവിയിലെത്തുമെന്ന് കരുതിയതാണ്. എന്നാല്‍ അപ്രതീക്ഷിതമായാണ് ദളിത് നേതാവായ ചന്നിയെ മുഖ്യമന്ത്രിയാക്കിയത്. ചന്നി സിദ്ദു ക്യാമ്പിലായിരുന്നെങ്കിലും മുഖ്യമന്ത്രിയായതോടെ സിദ്ദു ചന്നിയുമായി ഇടഞ്ഞു പരസ്യമായി രംഗത്ത് വരികയായിരുന്നു.
മുഖ്യമന്ത്രി പദവിയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ചന്നിയുടെ ജനപിന്തുണ സിദ്ദുവിനേയും മറികടന്നു. ചന്നിയെ കോണ്‍ഗ്രസ് രണ്ടു മണ്ഡലങ്ങളിലാണ് മത്സരിപ്പിക്കുന്നത്. ചന്നിയെ തന്നെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാനാണ് കോണ്‍ഗ്രസിന്റെ പദ്ധതിയെന്ന് ഇതു സൂചിപ്പിക്കുന്നു. ഫെബ്രുവരി 20നാണ് പഞ്ചാബില്‍ വോട്ടെടുപ്പ്. ഞായറാഴ്ച ലുധിയാനയില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.