ന്യൂദല്‍ഹി- ഇന്ത്യാ ഗേറ്റിലെ സൈനിക സ്മാരക വിളക്കായ അമര്‍ ജവാന്‍ ജ്യോതി മാറ്റിയതിനു പിന്നാലെ ഇവിടെ സ്ഥാപിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഹോളോഗ്രാം പ്രതിമ അധികൃതര്‍ ഓഫ് ചെയ്തു. പ്രതികൂല കാലവസ്ഥയാണ് കാരണമെന്നും അവര്‍ അറിയിച്ചു. ഇവിടെ നേതാജിയുടെ പ്രതിമ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ പ്രതിമ പണി പൂര്‍ത്തിയാകുന്നതു വരെ താല്‍കാലികമായാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി മോഡി അനാവരണം ചെയ്തത്.
ശക്തിയേറിയ കാറ്റും മഴയും കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാന്‍ ഇടയുണ്ടെന്നും ഇത് ഹോളാഗ്രാമിന് നാശനഷ്ടങ്ങളുണ്ടാക്കുമെന്നും അധികൃതര്‍ പറഞ്ഞു. വളരെ ചെലവേറിയ ഹോളാഗ്രാം ആയതിനാല്‍ താല്‍ക്കാലികമായി ഓഫ് ചെയ്ത് സംരക്ഷിക്കുക മാത്രമാണ് ചെയ്തത്. കാറ്റിന്റെ ഗതിയും മഴയും മാറിയാല്‍ വീണ്ടും ഓണ്‍ ചെയ്യും. ഇതാണ് ലോകത്തെല്ലായിടത്തും പിന്തുടരുന്ന രീതിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
ഹോളോഗ്രാം ഓഫ് ചെയ്തതിനെ പാര്‍ലമെന്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയ് പരിഹസിച്ചിരുന്നു. കാറ്റിനൊപ്പം പോയി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.