Sorry, you need to enable JavaScript to visit this website.

ലോകായുക്ത തീരുമാനം നീളുന്നു, നിയമസഭ ചേരുന്നത് വൈകിയേക്കും

തിരുവനന്തപുരം-ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസ് സംബന്ധിച്ച തീരുമാനം വൈകുന്ന സാഹചര്യത്തിൽ നിയമസഭാ സമ്മേളനം നീട്ടിവെച്ചേക്കും. 
യു.എ.ഇ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആറിന് കേരളത്തിൽ തിരിച്ചെത്തും. മുഖ്യമന്ത്രി ഗവർണറുമായി ആശയവിനിമയം നടത്തിയ ശേഷമാകും നിയമസഭാ കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക. നിയമസഭാ സമ്മേളനം 18 ന് ചേരാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാലിതിൽ മാറ്റം വന്നേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബജറ്റ് മാർച്ച് 11 ന് അവതരിപ്പിക്കാനായിരുന്നു ലക്ഷ്യം. മാർച്ചിൽ ഇത്തവണ പൂർണ ബജറ്റ് ഉണ്ടാവാനിടയില്ല. ജൂലൈയിൽ പൂർണ ബജറ്റെന്ന നിലയിലേക്കാണ് സർക്കാർ നീങ്ങുന്നത്. 
നിയമസഭാ സമ്മേളനം കൂടാനിരിക്കേ തിരക്കിട്ട് ലോകായുക്ത ഓർഡിനൻസ് ഇറക്കുന്നതിനെതിരെ പ്രതിപക്ഷം വ്യാപകമായ പ്രതിഷേധം ഉയർത്തിയിരുന്നു. പ്രതിപക്ഷം ഗവർണറെ സന്ദർശിച്ച് ഓർഡിനൻസിൽ ഒപ്പിടരുതെന്ന് അഭ്യർഥിച്ചിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതുവരെ ഓർഡിനൻസിൽ ഒപ്പുവെക്കാത്തതും നിയമസഭാ സമ്മേളനം നീട്ടിവെക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചുവെന്നാണ് വിവരം. നിയമസഭാ സമ്മേളനം ചേരാൻ തീരുമാനിച്ചാൽ ഓർഡിനൻസ് ഇറക്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്. സി.പി.എം സംസ്ഥാന സമ്മേളനം മാർച്ച് ഒന്നു മുതൽ നാലു വരെയാണ്. ഇതും കൂടി പരിഗണിച്ചാവും നിയമസഭ ചേരുന്ന തീയതി തീരുമാനിക്കുക.

Latest News