കേരള സർക്കാർ പദ്ധതിയിടുന്ന സിൽവർ ലൈൻ അതിവേഗ റെയിൽ പാത യാഥാർഥ്യമാകുന്നതിനു മൂന്നു വർഷം മുൻപേ വന്ദേഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നതു ശ്രദ്ധേയമാണ്. അധികമായി ഭൂമി ഏറ്റെടുക്കലോ കടമെടുപ്പോ ഇല്ലാതെ തന്നെ സെമി ഹൈസ്പീഡ് ട്രെയിനുകൾ ഓടിത്തുടങ്ങും. പ്രഖ്യാപിച്ച നാന്നൂറിൽ നാലെണ്ണമെങ്കിലും കേരളത്തിന് ലഭിക്കാൻ ഉത്സാഹിക്കുകയാണ് വേണ്ടത്. തമിഴ്‌നാടിനെ ബാധിക്കുന്ന പൊതുപ്രശ്‌നം വരുമ്പോൾ അവിടത്തെ പാർട്ടിക്കാർ ഐക്യപ്പെടുന്നത് പോലെ എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ഇതിനായി കൈകോർക്കണം.
ബജറ്റ് അവതരണ നാളിൽ വൈകുന്നേരം സമൂഹ മാധ്യമങ്ങളിൽ മലയാളത്തിലുള്ള ഒരു ബ്‌ളോഗ് വൈറലായിരുന്നു. ദൽഹി റെയിൽവേ സ്‌റ്റേഷനിൽ നിന്ന് വരാണസിയിലേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിന്റെ കോച്ചിൽ നിന്നായിരുന്നു വിവരണം. സൗകര്യപ്രദവും സുന്ദരവുമായ എ.സി കോച്ച്. വിമാനത്തിലെന്ന പോലെ യാത്രക്കാരുടെ ഇരിപ്പിടങ്ങൾക്ക് മുന്നിൽ പ്രാതൽ തയാർ. എല്ലാ സീറ്റുകളിലും ഓരോ സൺഡേ ടൈംസ് പത്രവുമുണ്ട്. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ടൈംസ് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ബെന്നറ്റ്‌കോൾമാൻ ഗ്രൂപ്പിന്റെ മുംബൈയിലെ ആസ്ഥാന മന്ദിരവും വിക്ടോറിയ ടെർമിനസ് സ്‌റ്റേഷനുമെല്ലാം ഇന്ത്യക്കാരുടെ നൊസ്റ്റാൾജിയ ആണല്ലോ. ഈ ട്രെയിൻ ത്രൂ ഔട്ട് വെസ്റ്റിബുൾ (ഉള്ളിലൂടെ എല്ലായിടത്തേക്കും പോകാനുള്ള സൗകര്യം) ആണെന്ന് വീഡിയോയിൽ നിന്ന് വ്യക്തം.
ചൊവ്വാഴ്ച പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കവേ ധനമന്ത്രി നിർമല സീതാരാമാൻ പറഞ്ഞു- അടുത്ത മൂന്ന് വർഷത്തിനകം നാന്നൂറ് പുതിയ വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കുമെന്ന്. ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളെയും ബന്ധിപ്പിച്ചായിരിക്കും പുതിയ സർവീസുകളെന്നും അവർ വ്യക്തമാക്കി. സെമി ഹൈസ്പീഡ് സെൽഫ് പ്രൊപ്പൽഡ് ട്രെയിനുകളായ വന്ദേഭാരത്, പിഎം ഗതിശക്തിയുടെ പദ്ധതിക്കു കീഴിലാണ് നിർമിക്കുന്നത്. ഉരുക്കിനു പകരം ഭാരം കുറഞ്ഞ അലുമിനിയം കൊണ്ട് നിർമിക്കുന്ന ഈ ട്രെയിനുകൾ സൗകര്യങ്ങളുടെ കാര്യത്തിലും മികച്ചതാണ്. 16 കോച്ചുകളുള്ള ഒരു ട്രെയിനിനു 106 കോടി രൂപയാണ് ആദ്യം ചെലവ് വന്നത്. ഇനിയങ്ങോട്ട് ഓരോന്നിനും 25 കോടി രൂപ മതി. സ്റ്റീൽ നിർമിത വന്ദേഭാരത് ട്രെയിനുകളെ അപേക്ഷിച്ച് ഊർജ ഉപഭോഗം കുറവായതിനാൽ ലാഭിക്കുന്ന പണം വളരെ കൂടുതലാണ്.
ആന്റികൊളിഷൻ സംവിധാനമുള്ളതാണ് ഈ ട്രെയിനുകൾ. 2023 ഓഗസ്റ്റ് 15 നകം 75 റൂട്ടുകളിലെങ്കിലും വന്ദേഭാരത് ട്രെയിനുകൾ ഓടിക്കുന്നതിനായി 44 വന്ദേഭാരത് ട്രെയിനുകളുടെ ആദ്യ ഘട്ടം സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് റെയിൽവേ. നിലവിൽ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ദൽഹിയിൽനിന്നു വരണാസിയിലേക്കും കത്രയിലേക്കുമാണിത്.
ഇന്ത്യൻ എൻജിനീയർമാരുടെ നേതൃത്വത്തിൽ നിർമിച്ച വന്ദേഭാരത് എക്‌സ്പ്രസ് രാജ്യത്ത് ലോകനിലവാരത്തിലുള്ള ട്രെയിനുകൾ നിർമിക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ്.
കേന്ദ്ര സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) 18 മാസത്തിനുള്ളിൽ ഇത് രൂപകൽപന ചെയ്ത് നിർമിക്കുകയായിരുന്നു. യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സമാനമായ ട്രെയിനിനേക്കാൾ 40% കുറവ് ചെലവാണ് ആദ്യ തലമുറ ട്രെയിനിനു വേണ്ടിവന്നത്. അതാണ് ഇനിയും നാലിലൊന്നായി കുറയാൻ പോകുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി എസി ടിക്കറ്റുകൾക്ക് ആവശ്യക്കാരേറുന്നുണ്ട്. കൂടാതെ പ്രധാന റൂട്ടുകളെല്ലാം 160 കിലോമീറ്റർ വേഗത്തിലേക്ക് നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമം റെയിൽവേ തുടരുകയാണ്. 160 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ യാത്ര സാധ്യമാകുന്നതോടെ രാജ്യത്തെ ട്രെയിൻ യാത്രയുടെ മുഖം മാറ്റാനാകുമെന്നും ബജറ്റ് വിമാന യാത്രക്കാരെ കൂടി റെയിൽവേയിലേക്ക് ആകർഷിക്കാൻ കഴിയുമെന്നുമാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.
ട്രെയിനിന്റെ ഓരോ അറ്റത്തും ഒരു ഡ്രൈവർ കോച്ച് ഉണ്ട്. ഇത് ലൈനിന്റെ ഓരോ അറ്റത്തും വേഗത്തിൽ തിരിയാൻ അനുവദിക്കുന്നു. 1128 യാത്രക്കാർക്ക് ഇരിക്കാവുന്ന 16 പാസഞ്ചർ കാറുകളാണ് ട്രെയിനിലുള്ളത്. സെന്റർ കമ്പാർട്ടുമെന്റുകളിൽ രണ്ടെണ്ണം 52 വീതം ഇരിക്കാവുന്ന ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റുകളാണ്. ബാക്കിയുള്ളവ 78 വീതം ഇരിക്കാവുന്ന കമ്പാർട്ടുമെന്റുകളാണ്.
പൂർണമായും തദ്ദേശീയമായി നിർമിച്ച ട്രെയിനിന് 160 കിലോമീറ്ററാണ് പരമാവധി വേഗം. പൂർണമായും ശീതീകരിച്ച കോച്ചുകളുള്ള ട്രെയിൻ ഓടാൻ പ്രത്യേക എൻജിന്റെ ആവശ്യമില്ല. മെട്രോ ട്രെയിനുകളുടെ മാതൃകയിൽ കോച്ചുകൾക്ക് അടിയിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറുകളുടെ സഹായത്തോടെയാണ് ട്രെയിൻ ചലിക്കുന്നത്. മണിക്കൂറിൽ 160 കിലോമീറ്ററാണ് ട്രെയിനിന്റെ പ്രഖ്യാപിത വേഗം. നിലവിൽ 130 കിലോമീറ്ററാണ് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം. എന്നാൽ പരീക്ഷണ ഓട്ടങ്ങളിൽ 180 കിലോമീറ്റർ വേഗം വന്ദേഭാരത് കൈവരിച്ചിട്ടുണ്ട്.
2019 ഫെബ്രുവരി 17 നാണ് ആദ്യ വന്ദേഭാരത് ഉദ്ഘാടനം ചെയ്തത്. ദൽഹി - വരാണസി റൂട്ടിലാണ് ഇത് പ്രവർത്തിക്കുന്നത്, കാൺപൂർ, അലഹബാദ് വഴി പ്രധാനമന്ത്രിയുടെ ലോക്‌സഭാ മണ്ഡലമായ വരാണസിയെ തലസ്ഥാന നഗരവുമായി ബന്ധിപ്പിച്ച് റൂട്ടിലെ യാത്രാ സമയം 15 ശതമാനം കുറച്ചു.
എങ്ങനെയെങ്കിലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണല്ലോ കേരള സർക്കാർ. റെയിൽവേ ബജറ്റിന് തൊട്ടു മുമ്പ് പോലും നമ്മുടെ മന്ത്രി കത്തെഴുതിയത് കേന്ദ്ര ബജറ്റിൽ ഇതിനെന്തെങ്കിലും പണം അനുവദിച്ചു തരണമെന്നാണ്. കേന്ദ്രം അത് ഗൗനിച്ചില്ലെന്നത് വേറെ കാര്യം. എറണാകുളത്തിന് തെക്ക് കായംകുളം വരെ കോട്ടയം വഴിയും ആലപ്പുഴ വഴിയും നിലവിലെ പാത ഇരട്ടിപ്പിക്കാൻ ഇനിയും സ്ഥലമെടുപ്പ് പൂർത്തിയാക്കാൻ കഴിയാത്തവരാണ് കാസർകോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് കേരളത്തെ പിളർത്തി അതിവേഗ പാത പണിയാൻ പോകുന്നതെന്ന് ആരെങ്കിലും വിശ്വസിക്കുമോ? അമ്പതിനായിരം കുടുംബങ്ങളെ കുടിഒഴിപ്പിക്കുന്നതിലൂടെ വഴിയാധാരമാവുന്ന അഞ്ച് ലക്ഷം പേരെ പുനരധവസിപ്പിക്കാനും നമുക്ക് പദ്ധതിയില്ലല്ലോ. അതാണല്ലോ കൊല്ലത്തെ കരപ്രമാണിമാരുടെ യോഗത്തിൽ വ്യക്തമായത്. കല്ലായ് പുഴക്ക് 18 അടി താഴ്ചയിൽ തുരങ്കമുണ്ടാക്കിയും വേമ്പനാട്ടുകായൽ നികത്തി കോട്ടയത്ത് സ്‌റ്റേഷനുണ്ടാക്കുമെന്നൊക്കെ തള്ളുന്നത് കേൾക്കാൻ സുഖമുണ്ടെങ്കിലും ഇതൊന്നും നടക്കില്ലെന്ന് പറയുന്നവർക്കുമറിയാം. 60 കളിൽ ജപ്പാൻ ഉപേക്ഷിച്ച വക്കു പൊട്ടിയ സ്റ്റാൻഡേഡ് ഗേജ് ട്രെയിൻ കൊണ്ടുവന്ന് മലയാളികളുടെ തലമുറകളെ കടക്കെണിയിലാക്കുന്നതിന് പകരം ബദൽ മാർഗങ്ങൾ ആലോചിക്കാൻ സമയമായി.
കേരള സർക്കാർ പദ്ധതിയിടുന്ന സിൽവർ ലൈൻ അതിവേഗ റെയിൽ പാത യാഥാർഥ്യമാകുന്നതിനു മൂന്നു വർഷം മുൻപേ വന്ദേഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നതു ശ്രദ്ധേയമാണ്. അധികമായി ഭൂമി ഏറ്റെടുക്കലോ കടമെടുപ്പോ ഇല്ലാതെ തന്നെ സെമി ഹൈസ്പീഡ് ട്രെയിനുകൾ ഓടിത്തുടങ്ങും. പ്രഖ്യാപിച്ച നാന്നൂറിൽ നാലെണ്ണമെങ്കിലും കേരളത്തിന് ലഭിക്കാൻ ഉത്സാഹിക്കുകയാണ് വേണ്ടത്. തമിഴ്‌നാടിനെ ബാധിക്കുന്ന പൊതുപ്രശ്‌നം വരുമ്പോൾ അവിടത്തെ പാർട്ടിക്കാർ ഐക്യപ്പെടുന്നത് പോലെ എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ഇതിനായി കൈകോർക്കണം. നമ്മുടെ നാട്ടിലും വരട്ടെ തദ്ദേശീയമായി വികസിപ്പിച്ച നൂതന ഗതാഗത സൗകര്യം.