പനാജി- കൂറുമാറ്റം പതിവായ ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വക പാര്‍ട്ടി മാറില്ലെന്ന സത്യവാങ്മൂലം. പാര്‍ട്ടി ദേശീയ പ്രസിഡണ്ടും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ പ്രചാരണത്തിനെത്തിയതിന്റെ രണ്ടാം ദിവസമാണ് സ്ഥാനാര്‍ഥികളെക്കൊണ്ട് മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം എഴുതി ഒപ്പിട്ടുവാങ്ങി മാധ്യമങ്ങള്‍ മുമ്പാകെ പ്രദര്‍ശിപ്പിച്ചത്.
ഞാന്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി, ജയിച്ചുകഴിഞ്ഞാല്‍ പാര്‍ട്ടിമാറില്ലെന്നും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും നിങ്ങള്‍ക്ക് തന്ന വാഗ്ദാനങ്ങള്‍ ഞാന്‍ പാലിച്ചില്ലെങ്കില്‍ എനിക്കെതിരേ നിയമനടപടി സ്വീകരിക്കാമെന്നും ഞാന്‍ ഉറപ്പുനല്‍കുന്നു...സത്യവാങ്മൂലത്തില്‍ പറയുന്നു.
കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ഥികളെ ആരാധനാലയങ്ങളില്‍ കൊണ്ടുപോയി പാര്‍ട്ടിമാറില്ലെന്ന് സത്യം ചെയ്യിച്ചതിനു പിന്നാലെയാണ് ആം ആദ്മിപാര്‍ട്ടിയുടെ പുതിയ രാഷ്ട്രീയനീക്കം. 100 രൂപയുടെ മുദ്രപ്പത്രത്തിലാണ് താന്‍ പാര്‍ട്ടിമാറില്ലെന്ന് പറഞ്ഞുതുടങ്ങുന്ന അഞ്ച് ഉറപ്പുകള്‍ കൊങ്കിണി ഭാഷയില്‍ ദേവനാഗിരി ലിപിയില്‍ എഴുതി ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി 39 സ്ഥാനാര്‍ഥികളും ഒപ്പിട്ടുനല്‍കിയത്. സ്ഥാനാര്‍ഥികള്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ ഈ സത്യവാങ്മൂലം ഏറ്റുപറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തു. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അമിത് പലേക്കര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇതിന്റെ പകര്‍പ്പ് ഓരോ വീട്ടിലും വിതരണം ചെയ്യണമെന്നും കെജ്‌രിവാള്‍ നിര്‍ദേശിച്ചു. ഇത് ഞങ്ങളെ വിശ്വസിച്ച് വോട്ടുചെയ്യുന്ന സമ്മതിദായകര്‍ക്കുള്ള പാര്‍ട്ടിയുടെ ഉറപ്പാണ്, ഞങ്ങള്‍ നിങ്ങളെ വഞ്ചിക്കില്ല എന്ന ഉറപ്പ് -കെജ്‌രിവാള്‍ പറഞ്ഞു.