Sorry, you need to enable JavaScript to visit this website.

മോഡിയുടെ 'വേഷംകെട്ടിനെ' വലിച്ചുകീറി തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്- കേന്ദ്ര ബജറ്റിനെതിരെ രൂക്ഷമായി പ്രതികരിച്ചതിനു പിന്നാലെ പ്രധാമന്ത്രി നരേന്ദ്ര മോഡിയുടെ വേഷംകെട്ടിനെ തുറന്നു കാട്ടി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. പ്രധാനമന്ത്രി മോഡി തെരഞ്ഞെടുപ്പുകള്‍ക്കു വേണ്ടിയാണ് വേഷംകെട്ടുന്നതെന്നും അദ്ദേഹത്തിന്റെ ബജറ്റ് പുറത്ത് മോടി പിടിപ്പിച്ച് ഉള്ള് പൊള്ളയായ രേഖയാണെന്നും അദ്ദേഹം പറഞ്ഞു. 

തെരഞ്ഞെടുപ്പു സമയമായാല്‍ താടിവളര്‍ത്തി രവീന്ദ്രനാഥ ടാഗോറിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടും. തമിഴ്‌നാട്ടിലാണെങ്കില്‍ മുണ്ടുടുക്കല്‍ നിര്‍ബന്ധമാണ്. ഈ ഗിമ്മിക്കുകളിലൂടെ രാജ്യത്തിന് എന്താണ് കിട്ടുന്നത്. പഞ്ചാബ് തെരഞ്ഞെടുപ്പിലാണെങ്കില്‍ ടര്‍ബന്‍ കെട്ടും. മണിപ്പുരിലാണെങ്കില്‍ മണിപ്പൂരി തൊപ്പിയണിയും, ഉത്തരാഖണ്ഡിലാണെങ്കില്‍ വേറൊരു തൊപ്പി. അങ്ങനെ എത്ര എത്ര തൊപ്പികള്‍? - കെസിആര്‍ കണക്കിനു പരിഹസിച്ചു. 

സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്തും പച്ചക്കള്ളം പ്രചരിപ്പിച്ചും ഒരു കള്ളം പലതവണ ആവര്‍ത്തിച്ചും അവര്‍ക്ക് ഇതുവരെ ജനങ്ങളെ വിഡ്ഢികളാക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ അവര്‍ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. അവര്‍ കളിക്കുന്നത് വര്‍ഗീയ രാഷ്ട്രീയവും വിദ്വേഷവും ഭിന്നതയുമാണ്- കെസിആര്‍ പറഞ്ഞു.

പ്രധാമന്ത്രി മോഡിക്കൊപ്പം ശനിയാഴ്ച ഒരു പരിപാടിയില്‍ ഒരുമിച്ച് പങ്കെടുക്കാനിരിക്കെയാണ് തെലങ്കാന മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഹൈദരാബാദിനു സമീപം 1000 കോടി രൂപ ചെലവില്‍ നിര്‍മിച്ച ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിമയായ രാമാനുജാചാര്യ പ്രതിമയുടെ ഉല്‍ഘാടനത്തിലാണ് ഇരുവരും ഒന്നിച്ചു പങ്കെടുക്കുക. ഹൈദരാബാദില്‍ നിന്നും ഇരുവരും ഹെലികോപ്റ്ററില്‍ ഒന്നിച്ചാണ് യാത്ര് ചെയ്യുക. ഇങ്ങനെ ഒരു കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി മോഡി വിമര്‍ശനത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയപ്പോള്‍ രാഷ്ട്രീയത്തിലെ ആക്രമണം തന്റെ നയമാണെന്നായിരുന്നു കെസിആറിന്റെ മറുപടി. മോഡിക്കൊപ്പം ഹെലികോപ്റ്ററില്‍ ഇരുന്നാലും ഇതേകാര്യങ്ങളാണ് തനിക്കു പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. 


 

Latest News